ന്യൂഡല്‍ഹി: ഛഠ് പൂജയുടെ ഭാഗമായി ഡല്‍ഹിയില്‍ 4 ദിവസം മദ്യത്തിന് നിരോധനം ഏര്‍പ്പെടുത്തി. ഇതോടെ ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ ദിവസത്തിലടക്കം മദ്യം ലഭിക്കില്ല. ഡല്‍ഹി എക്സൈസ് വകുപ്പാണ് 4ദിവസം ഡ്രൈഡേ പ്രഖ്യാപിച്ചിരിക്കുന്നത്.
ഉത്സവം നടക്കുന്ന നവംബര്‍ 17 മുതല്‍ 20 വരെയാണ് ഡല്‍ഹിയില്‍ മദ്യനിരോധനം. ദീപാവലിക്ക് ശേഷമുള്ള ആറാമത്തെ ദിവസമാണ് സൂര്യഷഷ്ഠി എന്നും അറിയപ്പെടുന്ന ഛഠ് പൂജ ആഘോഷിക്കുന്നത്.
ഡല്‍ഹി എക്സൈസ് നിയമത്തിലെ 52-ാം വകുപ്പ് പ്രകാരമാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയതെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. ഫൈനല്‍ മല്‍സരം മദ്യത്തിന്റെ ചെറു ആലസ്യത്തില്‍ ആസ്വദിക്കാനിരിക്കുന്ന ഡല്‍ഹി നിവാസികള്‍ ഇതോടെ നിരാശരായിരിക്കുകയാണ്.
അഹമ്മദാബാദിലുള്ള നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ഫൈനല്‍ നടക്കുക. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം.