ന്യൂഡൽഹി: വോട്ടിനോ പ്രസംഗത്തിനോ കോഴ വാങ്ങുന്ന എംപിമാർക്കും എംഎൽഎമാർക്കും വിചാരണ നേരിടുന്നതിൽനിന്ന് പ്രത്യേക പരിരക്ഷ നൽകാനാവില്ലെന്ന് സുപ്രീം കോടതി.ഇന്ത്യൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.
1998ലെ ജെഎംഎം കൈക്കൂലി കേസിൽ അഞ്ചംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി സുപ്രീംകോടതി റദ്ദാക്കി. വോട്ടിനോ പ്രസംഗത്തിനോ കോഴ വാങ്ങുന്ന ജനപ്രതിനിധികളെ വിചാരണയിൽനിന്ന് ഒഴിവാക്കിയ 1998ലെ പി.വി.നരസിംഹറാവു കേസിലെ വിധിയാണ് സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ച് റദ്ദാക്കിയത്.കോഴക്കേസിൽ എംപിമാരെയും എംഎൽഎമാരെയും വിചാരണയിൽനിന്ന് ഒഴിവാക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
പാർലമെൻ്ററി പ്രത്യേകാവകാശങ്ങളാൽ കൈക്കൂലി വാങ്ങുന്നവർ സംരക്ഷിക്കപ്പെടുന്നില്ലെന്നും 1998ലെ വിധിയുടെ വ്യാഖ്യാനം ഭരണഘടനയുടെ ആർട്ടിക്കിൾ 105, 194 എന്നിവയ്ക്ക് വിരുദ്ധമാണെന്നും വിധി പ്രസ്താവിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു.
പ്രസംഗത്തിനും വോട്ടിനും കോഴ വാങ്ങുന്നത് ജനാധിപത്യത്തെ നശിപ്പിക്കുന്നതിന് തുല്യമാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി. 1998ലെ വിധി ഭരണഘടനയുടെ 105, 194 അനുച്ഛേദത്തിന് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പണം വാങ്ങി പാർലമെന്റിൽ വോട്ട് ചെയ്താൽ ഭരണഘടനയുടെ ഈ അനുച്ഛേദങ്ങൾ പ്രകാരം പരിരക്ഷ ഉണ്ടെന്നായിരുന്നു നരസിംഹറാവു കേസിലെ വിധി.