ന്യൂഡല്‍ഹി: അടുത്ത ലോകസഭ തിരഞ്ഞെടുപ്പിന് വേണ്ട ഒരുക്കം നടത്തുന്നില്ലെന്നാരോപിച്ച് കോണ്‍ഗ്രസിനെ പരസ്യമായി വിമര്‍ശിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പട്‌നയില്‍ നടന്ന സി.പി.ഐ റാലിയിലായിരുന്നു നീതീഷ് കുമാറിന്റ വിമര്‍ശനം. 2024 ലെ ലോകസഭ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ കോണ്‍ഗ്രസ് തയാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിന് കൂടുതല്‍ താല്പര്യം ഇപ്പോള്‍ നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലാണ്. ഇന്ത്യ മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പലവട്ടം കോണ്‍ഗ്രസുമായി സംസാരിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു പുരോഗതിയും കാണുന്നില്ല. മുന്നണിയില്‍ കോണ്‍ഗ്രസിന് പ്രമുഖ സ്ഥാനം നല്‍കാന്‍ ഞങ്ങള്‍ സമ്മതിച്ചതാണ്. എന്നാല്‍ മുന്നണിയില്‍ കാര്യമായി ഒന്നും നടക്കുന്നില്ല. അവര്‍ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമെ അടുത്ത ഇന്ത്യ മുന്നണി യോഗം വിളിക്കുവെന്നാണ് തോന്നുന്നത്. നിതീഷ് കുമാര്‍ വ്യക്തമാക്കി.
ആഗസ്റ്റ് 31, സെപ്തംബര്‍ ഒന്ന് തീയ്യതികളിലായി മുംബൈയിലാണ് ഇന്ത്യ മുന്നണിയുടെ അവസാന യോഗം നടന്നത്. അതിന് ശേഷം ഡല്‍ഹിയില്‍ യോഗം ചേരാമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ സമ്മതിച്ചിരുന്നു. എന്നാല്‍ യോഗം ചേരാന്‍ കോണ്‍ഗ്രസ് താല്പര്യമെടുക്കാത്ത സാഹചര്യത്തിലാണ് നീതീഷ് കുമാര്‍ പരസ്യമായ വിമര്‍ശനവുമായി രംഗത്ത് വന്നത്. മധ്യപ്രദേശ് തിരഞ്ഞെടുപ്പ് സംബന്ധിച്ച് കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും തമ്മിലുള്ള പോര് നിലനില്‍ക്കെയാണ് നിതീഷ് കുമാറിന്റെ വിമര്‍ശനം.
ഇന്ത്യ സഖ്യത്തിന് ലക്ഷ്യവും കാഴ്ചപ്പാടുമില്ലെന്ന് ബി.ജെ.പി
വൈരുദ്ധ്യവും ആശയക്കുഴപ്പവും അഴിമതിയും നിരാശയും നിറഞ്ഞവരുടെ മുന്നണിയാണ് ഇന്ത്യ സഖ്യമെന്ന് ബി.ജെ.പി നേതാവ് ഷെഹ്‌സാദ് പൂനവാല കുറ്റപ്പെടുത്തി. മദ്ധ്യപ്രദേശ് മുതല്‍ കേരളം വരെ അവര്‍ പരസ്പരം മത്സരിക്കുകയാണ്. മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസും എസ്പിയും തമ്മിലും ഡല്‍ഹിയിലും പഞ്ചാബിലും എഎപിയും കോണ്‍ഗ്രസും തമ്മിലും ബംഗാളില്‍ കോണ്‍ഗ്രസും തൃണമൂലും തമ്മിലും കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുമാണ് പോര് നടക്കുന്നത്. ഈ സഖ്യത്തിന് ഒരു കാഴ്ച്ചപ്പാടുമില്ലെന്ന് ഇതില്‍ നിന്ന് തന്നെ വളരെ വ്യക്തമായിക്കൊണ്ടിരിക്കുന്നു. ഷെഹ്‌സാദ് പൂനവാല പറഞ്ഞു.