പാട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. ജെഡിയു നേതാവായ നിതീഷ് കുമാർ 28 പാർട്ടികൾ അടങ്ങുന്ന പ്രതിപക്ഷ സഖ്യം വിട്ട് ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് രാജി.ഞായറാഴ്ച രാവിലെ 11 മണിയോടെ ഗവർണറുടെ ഓഫീസിലെത്തി രാജി സമർപ്പിക്കുകയായിരുന്നു. നേരത്തെ തൻ്റെ ഔദ്യോഗിക വസതിയിൽ പാർട്ടിയിലെ എംഎൽഎമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതോടെ ജെഡിയു– ആർജെഡി– കോൺഗ്രസ് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയായ നിതീഷ് കുമാർ ബിജെപി–ജെഡിയു സഖ്യസർക്കാരിന്റെ മുഖ്യമന്ത്രിയായി വൈകിട്ടോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.ബിജെപിക്ക് 2 ഉപമുഖ്യമന്ത്രിമാരും സ്പീക്കറുമെന്നതാണ് പുതിയ സഖ്യത്തിലെ ധാരണയെന്നാണു വിവരം.ജെഡിയു എംഎൽഎമാരെ നിയമസഭാകക്ഷി യോഗം പൂർത്തിയായതിനു പിന്നാലെയാണ് നിതീഷ് ഗവർണറെ കണ്ട് രാജിക്കാര്യം അറിയിച്ചത്.
രാജിയോടെ, 28 പാർട്ടികളുള്ള പ്രതിപക്ഷ സഖ്യമായ ഇൻഡ്യയിൽ നിന്ന് പുറത്തുകടന്ന അദ്ദേഹം വൈകാതെ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുമെന്നാണ് വിവരം.അതെസമയം സഖ്യകക്ഷിയായ ലാലു യാദവിൻ്റെ പാർട്ടിയായ ആർജെഡിയിലെ മന്ത്രിമാരെ പുറത്താക്കാൻ നിതീഷ് കുമാർ പദ്ധതിയിടുന്നതായും വൃത്തങ്ങൾ അറിയിച്ചു.
ബിജെപിയും നിതീഷ് കുമാറിൻ്റെ ജെഡിയുവും മൂന്ന് മാസത്തിനുള്ളിൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന കരാറിന് അന്തിമരൂപം നൽകിയതായും,ബിഹാറിലെ എല്ലാ ബിജെപി എംഎൽഎമാരും നിതീഷ് കുമാറിന് പിന്തുണ അറിയിച്ച് കത്ത് നൽകിയതായും വൃത്തങ്ങൾ പറഞ്ഞു.
സംസ്ഥാനത്തെ ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യ തന്ത്രങ്ങൾ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ബിജെപി എംഎൽഎമാരും എംപിമാരും ഞായറാഴ്ച രാവിലെ 10 മണിക്ക് പട്‌നയിലെ പാർട്ടി ഓഫീസിൽ യോഗം ചേർന്നു.ബിജെപി അധ്യക്ഷൻ ജെപി നദ്ദയും മറ്റ് ചില ബിജെപി നേതാക്കളും ഉച്ചകഴിഞ്ഞ് 3 മണിക്ക് പ്രത്യേക ചാർട്ടർ വിമാനത്തിൽ പട്‌നയിലെത്തും.