കാവിയില്‍ ഇന്ത്യയുടെ ഭൂപടം: പ്രതിഷേധം ശക്തം, കോഴിക്കോട് എന്‍ഐടി അടച്ചിട്ടു

അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനത്തില്‍ കാവിയില്‍ ഇന്ത്യയുടെ ഭൂപടം വരച്ചനെതിരെ ഉണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് കോഴിക്കോട് എന്‍ഐടി ഈ മാസം നാലുവരെ അടച്ചു.

author-image
Web Desk
New Update
കാവിയില്‍ ഇന്ത്യയുടെ ഭൂപടം: പ്രതിഷേധം ശക്തം, കോഴിക്കോട് എന്‍ഐടി അടച്ചിട്ടു

 

കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനത്തില്‍ കാവിയില്‍ ഇന്ത്യയുടെ ഭൂപടം വരച്ചനെതിരെ ഉണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് കോഴിക്കോട് എന്‍ഐടി ഈ മാസം നാലുവരെ അടച്ചു. ഭൂപടം വരച്ചതിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥിയെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത് വലിയ വിവാദമായിരുന്നു.

നടപടിയില്‍ വിദ്യാര്‍ഥി സംഘടനകളുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് അധികൃതര്‍ നടപടി മരവിപ്പിച്ചിരുന്നു. വിദ്യാര്‍ഥി നല്‍കിയ അപ്പീലില്‍ തീരുമാനമാകും വരെയാണ് സസ്‌പെന്‍ഷന്‍ മരവിപ്പിച്ചത്.

ഇലക്ട്രോണിക്സ് ആന്‍ഡ് ടെലി കമ്യൂണിക്കേഷന്‍സ് നാലാം വര്‍ഷ വിദ്യാര്‍ഥിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇന്ത്യ രാമരാജ്യമല്ല, മതേതര രാജ്യമാണ് എന്ന പ്ലക്കാര്‍ഡുമായി പ്രതിഷേധിച്ചതിനായിരുന്നു നടപടി.

സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. സംസ്ഥാന കമ്മിറ്റി അംഗം മിഥുന്‍, ഏരിയ സെക്രട്ടറി യാസിര്‍ എന്നിവര്‍ക്കു പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കെഎസ്യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്യാംപസിന് മുന്നില്‍ പ്രതിഷേധ തെരുവും ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചു. ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ മാര്‍ച്ച് ഗേറ്റിന് മുന്നില്‍ ബാരിക്കേഡുകള്‍വച്ച് പൊലീസ് തടഞ്ഞു.

kerala kozhikode kerala news NIT kozhikode