ചെന്നൈ: പ്രളയ ദുരിതാശ്വാസ ഫണ്ടിന്റെ പേരിൽ വാക്പോര് തുടർന്ന് തമിഴ്നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിനും കേന്ദ്രമന്ത്രി നിർമല സീതാരാമനും. ഡിസംബർ 18-19 തിയതികളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് ഉണ്ടായ പ്രളയത്തിൽ ദുരിതാശ്വാസമായി കൂടുതൽ ഫണ്ട് തമിഴ്നാടിന് അനുവദിക്കാൻ കേന്ദ്രസർക്കാർ എടിഎംഅല്ല എന്ന നിർമലയുടെ പ്രസ്താവനയ്ക്ക് ഉദയനിധി നൽകിയ മറുപടിയാണ് വാകുപോരിന് തുടക്കമിട്ടത്.
‘‘ കേന്ദ്രമന്ത്രിയുടെ അച്ഛന്റെയോ കുടുംബത്തിന്റെയോ സ്വത്ത് അല്ല ചോദിച്ചത്. ജനങ്ങളുടെ നികുതിയുടെ അർഹമായ വിഹിതമാണ് ആവശ്യപ്പെട്ടത്.’’എന്നാണ് ഉദയനിധി നൽകിയ മറുപടി. തുടർന്ന് സൂക്ഷിച്ചു സംസാരിക്കണമെന്നു മറുപടി നൽകിയ നിർമല സീതാരാമൻ, അച്ഛന്റെ സ്വത്ത് കൊണ്ടാണോ ഉദയനിധി അധികാരം ആസ്വദിക്കുന്നതെന്നു താൻ ചോദിച്ചാൽ എന്താകും എന്നു കൂട്ടിച്ചേർത്തു.
ഉദയനിധി സാഹിത്യ വൈദഗ്ധ്യത്തിന് പേരുകേട്ട ഒരു മനുഷ്യന്റെ (എം കരുണാനിധി ) ചെറുമകനാണ്.ഒരു പ്രധാന സ്ഥാനം വഹിക്കുമ്പോൾ വായിൽ നിന്ന് വരുന്ന വാക്കുകൾക്ക് നിയന്ത്രണം ഉണ്ടായിരിക്കണം. അദ്ദേഹത്തോട് വിരോധമില്ല, പക്ഷേ രാഷ്ട്രീയത്തിൽ അച്ഛന്റെ സ്വത്തിനെ കുറിച്ച് സംസാരിക്കേണ്ടതില്ലെന്നും നിർമല വിമർശിച്ചു.
എന്നാൽ, കരുണാനിധിയും ദ്രാവിഡചാര്യൻ പെരിയാറും തങ്ങളെ സംസാരിക്കാൻ പഠിപ്പിച്ചിട്ടുണ്ടെന്നും ഓരോരുത്തരോടും അവരവരുടെ നിലവാരത്തിന് അനുസരിച്ചാണു സംസാരിക്കുകയെന്നും ഉദയനിധി മറുപടി നൽകി. ‘അച്ഛൻ’ ‘കുടുംബം’ എന്നിവ മോശം വാക്കുകളല്ലെന്നും പ്രളയ ദുരിതാശ്വാസ ഫണ്ടിൽ പോലും രാഷ്ട്രീയം കലർത്താനാണു നിർമലയുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.