ന്യൂഡല്‍ഹി: യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച ചര്‍ച്ചയ്ക്ക് യെമിനിലേക്ക് യാത്രാനുമതി തേടി അമ്മ പ്രേമകുമാരി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. നിമിഷ പ്രിയയുടെ മോചനം ശരീഅത്ത് നിയമ പ്രകാരം മാത്രമെ നടക്കൂവെന്നും ഇത് ചര്‍ച്ച ചെയ്യാന്‍ യെമനിലേക്ക് പോകാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നാണ് പ്രേമകുമാരി ആവശ്യപ്പെടുന്നത്.
ശരിഅത്ത് നിയമ പ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ മാത്രമെ ശിക്ഷയില്‍ ഇളവ് ലഭിക്കുകയുള്ളു. ഇതിന് അവരുടെ കുടുംബവുമായി ചര്‍ച്ച നടക്കണം. ഇതിനായി തനിക്കും അടുത്ത കുടുംബാംഗങ്ങള്‍ക്കും സേവ് നിമിഷ പ്രിയ ഫോറത്തിന്റെ ഭാരവാഹികള്‍ക്കും അനുമതി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന് അഭിഭാഷകന്‍ കെ.ആര്‍. സുഭാഷ് ചന്ദ്രന്‍ വഴി ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പറയുന്നു.