തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരുടെ പുതിയ തലമുറ എം എസ് മണിയുടെ പത്രപ്രവര്‍ത്തനത്തില്‍ നിന്ന് ഊര്‍ജം ഉള്‍കൊള്ളണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കലാകൗമുദി സ്ഥാപക പത്രാധിപര്‍ എം എസ് മണിയുടെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
എം എസ് മണി കേരള കൗമുദിയില്‍ പ്രസിദ്ധീകരിച്ച കാട്ടുകള്ളന്മാര്‍ എന്ന പരമ്പര അന്വേഷണാത്മക പത്രപ്രവര്‍ത്തന ചരിത്രത്തിലെ നാഴിക കല്ലാണ്. വിവരങ്ങള്‍ സമൂഹത്തിന് പകര്‍ന്ന് നല്‍കുക എന്ന മാധ്യമ ധര്‍മ്മം പാലിക്കുന്നതില്‍ ഉപരിയായി അതിന്റെ വിവിധ വശങ്ങള്‍ കൂടി വെളിപ്പെടുത്തുന്നതായിരുന്നു ആ പരമ്പര. അതിസാഹസികമായാണ് അക്കാലത്തും ഇത് പ്രസിദ്ധീകരിച്ചത്. കാട്ടുകള്ളന്മാര്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഒരു മന്ത്രിയ്ക്ക് സ്ഥാനം നഷ്ടമായി. പത്രത്തിലുമുണ്ടായി അതിന്റെ ഫലമായുള്ള പ്രതിസന്ധികളെന്നും ഗവര്‍ണര്‍ അനുസ്മരിച്ചു.
കേരളം ഇന്ത്യയിലെ വ്യത്യസ്തമായ സംസ്ഥാനമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഈ സംസ്ഥാനത്തിന്റെ തലവനായി സേവനമനുഷ്ഠിക്കാന്‍ കഴിഞ്ഞതിന് ദൈവത്തോട് നന്ദി പറയുന്നു. രാജ്യത്തെ ഈ പ്രദേശം ഒരിക്കലും പട്ടാളത്തിന്റെയോ വിദേശ ശക്തികളുടെയോ ഭരണത്തിന്‍ കീഴില്‍ വന്നിട്ടില്ല. മാത്രമല്ല, സ്ത്രീകള്‍ക്ക് ഇത്രയും ഉന്നതമായ സ്ഥാനം നല്‍കിയ മറ്റു സംസ്ഥാനങ്ങള്‍ വേറെയില്ല. ഇതൊക്കെ ചേര്‍ന്ന് രൂപപ്പെടുത്തിയ ജനതയാണ് കേരളത്തിലേത്. അനുകമ്പയും സഹാനുഭൂതിയുമുള്ള ജനങ്ങളാണ് ഇവിടെയുള്ളത്. ഇന്ത്യയുടെ എല്ലാ പൗരാണിക മൂല്യങ്ങളും കാണാവുന്ന സംസ്ഥാനം കൂടിയാണ് കേരളമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരുവനന്തപുരത്ത് കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ കലോത്സവവുമായി ബന്ധപ്പെട്ട വിവാദവും ഗവര്‍ണര്‍ പരാമര്‍ശിച്ചു. കലോത്സവത്തിന് നല്‍കിയ പേര് ഇന്‍തിഫാദ എന്നാണ്. ആക്രമണോത്സുകമായ എതിര്‍പ്പ് എന്നാണ് വാക്കിന്റെ അര്‍ത്ഥം. ആ പേരിടുന്നതിന് മുമ്പ് ഡിക്ഷണറി നോക്കുകയോ അറബി പണ്ഡിതരോട് ചോദിക്കുകയോ ചെയ്യാമായിരുന്നു. അവരുടെ പ്രത്യയ ശാസ്ത്രം അക്രമത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ളതായതുക്കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
അനുസ്മരണ ചടങ്ങില്‍ കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്, എഴുത്തുകാരന്‍ ജോര്‍ജ് ഓണക്കൂര്‍, മുന്‍ എംഎല്‍എ കെ എസ് ശബരീനാഥന്‍ എന്നിവര്‍ പങ്കെടുത്തു. കലാകൗമുദി മാനേജിംഗ് ഡയറക്ടര്‍ സുകുമാരന്‍ മണി സ്വാഗതവും ന്യൂഡ് എഡിറ്റര്‍ പി സി ഹരീഷ് നന്ദിയും പറഞ്ഞു.