വാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ജോ ബൈഡനെ നീക്കണമെന്ന് വൈസ് പ്രസിഡൻ്റ് കമല ഹാരിസിനോട് വെസ്റ്റ് വിർജീനിയ അറ്റോർണി ജനറല്‍ പാട്രിക്ക് മോറിസെ.പ്രസിഡന്റ് എന്ന നിലയില്‍ കടമകള്‍ നിർവഹിക്കാന്‍ 81കാരനായ ബൈഡന് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി.ഇതിനായി യു.എസ് ഭരണഘടനയിലെ 25-ാം ഭേദഗതി ഉപയോഗിക്കണമെന്നും പാട്രിക്ക് മോറിസെ ആവശ്യപ്പെട്ടു.
ദീർഘകാലമായി ഒരു പ്രസിഡന്റിന്റെ വൈജ്ഞാനിക വീഴ്ചയ്ക്ക് അമേരിക്കയിലെ ജനത സാക്ഷ്യം വഹിക്കേണ്ടതായി വന്നിരിക്കുന്നുവെന്നും റിപ്പബ്ലിക്കന്‍ നേതാവ് കൂടിയായ പാട്രിക്ക് പറയുന്നു.പൊതുപരിപാടികളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡനുണ്ടാകുന്ന വീഴ്ചയും പാട്രിക്ക് ചൂണ്ടികാട്ടി.
അടുത്തിടെ പുറത്തിറങ്ങിയ 388 പേജുള്ള പ്രത്യേക കൗണ്‍സൽ റിപ്പോർട്ടിൽ 'ഓർമ്മക്കുറവുള്ള വൃദ്ധന്‍' എന്നാണ് ബെഡനെ വിശേഷിപ്പിച്ചിരുന്നത്.ഈ റിപ്പോർട്ടിനെ മുൻനിർത്തിയാണ് പാട്രിക്കിന്റെ പുതിയ നീക്കം. കൗണ്‍സൽ റിപ്പോർട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന പോലെ ബൈഡന്റെ പ്രശ്നങ്ങള്‍ക്ക് അടിയന്തര ശ്രദ്ധ ആവശ്യമാണെന്നും മാനസികാരോഗ്യമുള്ള പ്രസഡിന്റിനെയാണ് രാജ്യത്തിന് ആവശ്യമെന്നും അറ്റോർണി ജനറല്‍ പറഞ്ഞു.
മുന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ കൊലപാതകത്തിനെ തുടർന്ന് പ്രസിഡന്റിന്റെ പിന്തുടർച്ച വ്യക്തമാക്കുന്നതിനായി യുണൈറ്റഡ് സ്റ്റേറ്റ്സ് കോണ്‍ഗ്രസ് 1965ലാണ് 25-ാം ഭേദഗതി പാസാക്കിയത്. പ്രസിഡന്റിന് ഏതെങ്കിലും രീതിയിലുള്ള ശാരീരിക ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ തൽസ്ഥാനത്തു നിന്ന് നീക്കാന്‍ വൈസ് പ്രസിഡന്റിനും കാബിനെറ്റിനും അധികാരം നല്‍കുന്ന വകുപ്പും ഇതില്‍ ഉൾപ്പെടുന്നുണ്ട്. അതിനാൽ തന്റെ ആവശ്യത്തിന് നിയമപരമായ അടിസ്ഥാനമുണ്ടെന്നും പാട്രിക്ക് വ്യക്തമാക്കി.
അമേരിക്കയുടെ ചരിത്രത്തില്‍ 25-ാം ഭേദഗതി ഇതുവരെ ഉപയോഗിച്ചിട്ടില്ല.കഴിഞ്ഞ സെപ്തംബറില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് ഈ ആവശ്യം ആദ്യമായി ഉന്നയിച്ചത്. അതേസമയം പ്രസിഡൻ്റ് സ്ഥാനത്തേക്ക് രണ്ടാം തവണയും മത്സരിക്കുന്ന ബൈഡന്‍ തന്റെ ശാരീരിക ക്ഷമത തെളിയിക്കാനുള്ള പരിശോധനകള്‍ക്ക് തയാറാകില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്.