കാസർഗോഡ്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്രയ്ക്ക് ശനിയാഴ്ച കാസർഗോഡ് തുടക്കമാകും. കാസര്‍കോട്, താളിപ്പടപ്പ് മൈതാനിയില്‍ വൈകീട്ട് 3-നാണ് ഉദ്ഘാടന പരിപാടി. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പദയാത്ര ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
''മോദിയുടെ ഗ്യാരന്‍റി പുതിയ കേരളം'' എന്നാണ് പദയാത്രയുടെ മുദ്രാവാക്യം.നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പദയാത്ര ഒരു മാസത്തോളം നീളും. തിരുവനന്തപുരം വഴി പാലക്കാട് സമാപിക്കുന്ന തരത്തിലാണ് പദയാത്ര ക്രമീകരിച്ചിരിക്കുന്നത്.
മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്‍റെ നേട്ടങ്ങള്‍ എടുത്തു പറഞ്ഞുകൊണ്ടുള്ള പ്രചരണമാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഓരോ ലോക്സഭാ മണ്ഡലത്തിലും മത, സാമുദായിക സാംസ്‌കാരിക നേതാക്കളുമായി കെ സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തും.ശനിയാഴ്ച ഉച്ചക്ക് 12 നാണ് കാസര്‍കോട്ടെ കൂടിക്കാഴ്ച.
മോദിയുടെ ഗ്യാരന്‍റിയെന്ന പ്രഖ്യാപനവുമായി തൃശൂരില്‍ പ്രധാനമന്ത്രി തുടങ്ങിവെച്ച ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണം ഊർജിതമായി മുന്നോട്ടുകൊണ്ടുപോകുകയാണ് പദയാത്രയിലൂടെ ലക്ഷ്യമിടുന്നത്. ഇത്തവണ കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടുകയെന്ന ലക്ഷ്യത്തോടെയാണ് എൻഡിഎ പ്രചരണത്തിലേയ്ക്ക് കടക്കുന്നത്.
അതെസമയം ന്യൂനപക്ഷങ്ങളുടെ പിന്തുണ ആർജിക്കുന്നതിന് വേണ്ടിയുള്ള നടപടികളും പദയാത്രയിൽ ഉണ്ടാകും. ഇതിന്‍റെ ഭാഗമായാണ് മത, സാമുദായിക നേതാക്കളുമായി കെ സുരേന്ദ്രൻ പദയാത്രയ്ക്കിടെ കൂടിക്കാഴ്ച നടത്തുന്നത്. നേരത്തെ ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടുന്നതിനായി നടത്തിയ സ്നേഹയാത്ര വലിയ വിജയമായിരുന്നുവെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
പതിവിൽനിന്ന് വ്യത്യസ്തമായി കാസര്‍കോട് നിന്ന് തുടങ്ങുന്ന യാത്ര തിരുവനന്തപുരത്ത് അവസാനിക്കുന്നതാണ് രീതിയല്ല ഇത്തവണ ഉള്ളത്. പദയാത്ര തിരുവന്തപുരം വഴി പാലക്കാട്ടെത്തിയാണ് സമാപനം. ഫെബ്രുവരി 27ന് സമാപനം പാലക്കാട് നടക്കും.