പാഠപുസ്തകങ്ങളില്‍ ഇന്ത്യക്ക് പകരം 'ഭാരതം'; ചരിത്ര പഠനത്തിലും മാറ്റം വരുത്താന്‍ ശുപാര്‍ശ

മാത്രമല്ല നിലവില്‍ പരാജയങ്ങളാണ് പാഠപുസ്തകങ്ങളില്‍ കൂടുതലായുള്ളത്. മുഗളന്‍മാര്‍ക്കും സുല്‍ത്താന്‍മാര്‍ക്കുമെതിരെ നേടിയ വിജയങ്ങള്‍ അക്കൂട്ടത്തിലില്ല. അതിനാല്‍ പാഠപുസ്തകങ്ങളില്‍ ഹിന്ദുരാജാക്കന്‍മാരുടെ യുദ്ധവിജയങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തുമെന്നും ഐസക് പറഞ്ഞു.

author-image
Greeshma Rakesh
New Update
പാഠപുസ്തകങ്ങളില്‍ ഇന്ത്യക്ക് പകരം 'ഭാരതം'; ചരിത്ര പഠനത്തിലും മാറ്റം വരുത്താന്‍ ശുപാര്‍ശ

 

ന്യൂഡല്‍ഹി: രാജ്യത്തെ സ്‌കൂളുകളിലെ പാഠപുസ്തകങ്ങളില്‍ 'ഇന്ത്യ'യ്ക്കു പകരം 'ഭാരതം' എന്ന് ഉപയോഗിക്കാന്‍ ശുപാര്‍ശ. പാഠ്യപദ്ധതി പരിഷ്‌കരണത്തിനായി നാഷനല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷനല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയ്‌നിങ് (എന്‍സിഇആര്‍ടി) നിയോഗിച്ച സാമൂഹിക ശാസ്ത്ര വിഷയങ്ങള്‍ക്കുള്ള ഉന്നതതല സമിതിയുടേതാണ് ശുപാര്‍ശ.

പ്ലസ് ടു വരെയുള്ള സാമൂഹികപാഠ പുസ്തകങ്ങളിലാണ് മാറ്റത്തിനു നിര്‍ദ്ദേശം.അടുത്ത വര്‍ഷം മുതല്‍ സിബിഎസ്ഇ പാഠപുസ്തകങ്ങളില്‍ ഈ മാറ്റം ഉള്‍പ്പെടുത്തണമെന്നും ചരിത്രകാരന്‍ സി.ഐ. ഐസക് അധ്യക്ഷനായ ഏഴംഗ സമിതി ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

 

ഭരണഘടനയില്‍ത്തന്നെ പറയുന്നത് 'ഇന്ത്യ അഥവാ ഭാരതം' എന്നാണെന്ന് ഐസക് ചൂണ്ടിക്കാട്ടി. ഭാരതം എന്നത് ഏറ്റവും പുരാതനമായ നാമമാണ്. 7000 വര്‍ഷത്തിലധികം പഴക്കമുള്ള പുരാതന ഗ്രന്ഥമായ വിഷ്ണു പുരാണത്തില്‍ ഉള്‍പ്പെടെ ഭാരതം എന്നു പറയുന്നുണ്ടെന്നും ഐസക് വിശദീകരിച്ചു.

 

'1757ലെ പ്ലാസി യുദ്ധത്തിനും ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രൂപീകരണത്തിനും പിന്നാലെയാണ് ഇന്ത്യ എന്ന പേര് പൊതുവായി ഉപയോഗിക്കാന്‍ തുടങ്ങിയത്' - ഐസക് ചൂണ്ടിക്കാട്ടി. ഇക്കാരണത്താല്‍ പാഠപുസ്തകങ്ങളില്‍ രാജ്യത്തിന്റെ പേര് ഭാരതം എന്നാക്കണമെന്ന് സമിതി ഐകകണ്‌ഠ്യേനയാണ് ശുപാര്‍ശ ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

 

അതെസമയം ചരിത്ര പഠനത്തിലും മാറ്റം വരുത്താന്‍ ശുപാര്‍ശയുണ്ട്. പുരാതന, മധ്യകാല, ആധുനിക ചരിത്രമെന്ന വിഭജനം ഇനിയുണ്ടാകില്ല.പുരാതന ചരിത്രം എന്നതിനു പകരം ക്ലാസിക്കല്‍ ചരിത്രം എന്നാക്കും. ബ്രിട്ടിഷുകാരാണ് ഇന്ത്യന്‍ ചരിത്രത്തെ മൂന്നു ഘട്ടമായി വേര്‍തിരിച്ചത്.

സോളര്‍ സിസ്റ്റം മോഡലുമായി ബന്ധപ്പെട്ട് ആര്യഭട്ടയുടെ രചന ഉള്‍പ്പെടെ അക്കാലത്തെ ഇന്ത്യയുടെ നേട്ടങ്ങള്‍ വിവരിക്കുന്ന ഒട്ടേറെ ഉദാഹരണങ്ങള്‍ ലഭ്യമാണെന്ന് ഐസക് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ മധ്യകാല, ആധുനിക ചരിത്രത്തിനൊപ്പം ക്ലാസിക്കല്‍ ചരിത്രം കൂടി പഠിപ്പിക്കാന്‍ സമിതി ശുപാര്‍ശ ചെയ്തതായി ഐസക് അറിയിച്ചു.

മാത്രമല്ല നിലവില്‍ പരാജയങ്ങളാണ് പാഠപുസ്തകങ്ങളില്‍ കൂടുതലായുള്ളത്. മുഗളന്‍മാര്‍ക്കും സുല്‍ത്താന്‍മാര്‍ക്കുമെതിരെ നേടിയ വിജയങ്ങള്‍ അക്കൂട്ടത്തിലില്ല. അതിനാല്‍ പാഠപുസ്തകങ്ങളില്‍ ഹിന്ദുരാജാക്കന്‍മാരുടെ യുദ്ധവിജയങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തുമെന്നും ഐസക് പറഞ്ഞു.

 

india bharat textbooks NCRT