ഇസ്ലാമാബാദ്: പാകിസ്താനിൽ നവാസ് ഷെരീഫ് പ്രധാനമന്ത്രിയായേക്കും.നവാസ് ഷെരീഫ് സഹോദരനും പിഎംഎല്‍-എന്‍ പ്രസിഡന്റുമായ ഷഹബാസ് ഷെരീഫിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചതായി പാർട്ടിയുടെ ഇന്‍ഫർമേഷന്‍ സെക്രട്ടറിയായ മറിയും ഔറംഗസേബ് അറിയിച്ചു.പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം മറിയം നവാസിനായിരിക്കുമെന്നും ഔറംഗസേബ് അറിയിച്ചു.
സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഷെരീഫിന്റെ പാകിസ്താന്‍ മുസ്ലിം ലീഗ് എന്നും (പിഎംഎല്‍-എന്‍) ബിലാവല്‍ ഭൂട്ടൊയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാർട്ടിയും (പിപിപി) സമവായത്തിലെത്തിയതായാണ് റിപ്പോർട്ട്. പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതില്‍ ഷെരീഫിന്റെ പിഎംഎല്‍-എന്നിനെ സഹായിക്കുമെന്ന് ബിലാവല്‍ ഭൂട്ടൊ അറിയിച്ചു.
അതെസമയം പിഎംഎല്‍-എന്നും തന്റെ പാർട്ടിയും തിരഞ്ഞെടുപ്പില്‍ എതിരാളികളായിരുന്നെങ്കിലും രാജ്യതാല്‍പ്പര്യത്തിനായി ഒന്നിക്കുകയാണെന്ന് പിപിപി നേതാവ് ആസിഫ് അലി സർദാരി പറഞ്ഞു. എല്ലാ കാലവും എതിരാളികളായി ഇരിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പിഎംഎല്‍-എന്നും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് രാഷ്ട്രീയ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനായി ഇരുപാർട്ടികളും സഹകരിക്കാന്‍ തയാറായതായി പ്രസ്താവനയിലൂടെയാണ് പാർട്ടി അറിയിച്ചിരിക്കുന്നത്.
ഇമ്രാൻ ഖാന്റെ പാകിസ്താന്‍ തെഹ്‍രീക് ഇ ഇന്‍സാഫിന്റെ (പിടിഐ) പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥികള്‍ കൂടുതല്‍ സീറ്റ് നേടിയത് രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി കാരണമായിരുന്നു. നേരിട്ടുള്ള തിരഞ്ഞെടുപ്പ് നടന്ന 266 സീറ്റുകളില്‍ 93 എണ്ണവും പിടിഐ പിന്തുണയോടെ മത്സരിച്ച സ്വതന്ത്രരാണ് നേടിയത്. പിഎംഎല്‍-എന്‍ 75 സീറ്റുകളിലാണ് വിജയിച്ചത്, പിപിപി 54 സീറ്റുകളിലും.
70 സംവരണസീറ്റുകളില്‍ നിന്നും പാർട്ടികള്‍ക്ക് പിന്തുണ നേടാനാകുമെങ്കിലും സ്വതന്ത്രർക്ക് ഇതിന് സാധിക്കില്ലെന്നതാണ് പിടിഐ പ്രതിസന്ധിയിലാക്കിയത്.അതെസമയം തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പാർട്ടിയും.