കൊച്ചി: നവകേരള സദസ്സില്‍ ഡിസംബര്‍ 6 വരെ നിവേദനങ്ങളുമായി എത്തിയത് 3,00,571 പേര്‍. ഇത്രയധികം നിവേദനങ്ങള്‍ അതിവേഗം പരിശോധിച്ച് നടപടിയെടുക്കുക വലിയ വെല്ലുവിളിയാണെന്നും എന്നാല്‍ വാഗ്ദാനം ചെയ്ത സമയത്തിനുള്ളില്‍ തന്നെ നിവേദനങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചു വരികയാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
നവകേരള സദസ്സ് ജനാധിപത്യത്തിന്റെ മാത്രമല്ല; ഭരണനിര്‍വ്വഹണത്തിന്റെ കൂടി പുതിയ ഒരു മാതൃക ഉയര്‍ത്തുന്നു. ഓരോ വേദിയിലും തങ്ങളുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെടുത്താനും പരിഹാരം കാണാനുമായി നിരവധി പേരാണ് നിവേദനങ്ങളുമായെത്തിയത്. ഇത്രയധികം നിവേദനങ്ങള്‍ അതിവേഗം പരിശോധിച്ച് നടപടിയെടുക്കുക വലിയ വെല്ലുവിളിയാണ്. എന്നാല്‍ വാഗ്ദാനം ചെയ്ത സമയത്തിനുള്ളില്‍ തന്നെപരിഹാരങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു വരുന്നു.
നവംബര്‍ 18,19 തീയതികളില്‍ കാസര്‍കോട് ജില്ലയില്‍ നവകേരള സദസ്സിന്റെ ഭാഗമായി ഒരുക്കിയ കൗണ്ടറുകളില്‍ ആകെ 14701 നിവേദനകളാണ് ലഭിച്ചത്. 255 എണ്ണം തീര്‍പ്പാക്കി. 11950 എണ്ണം വിവിധ വകുപ്പ് ഓഫീസുകളില്‍ പരിഗണനയിലാണ്. 2482 എണ്ണം നടപടി ആരംഭിച്ചു.
തദ്ദേശ സ്വയം ഭരണം, റവന്യു, ഭക്ഷ്യ, സിവില്‍ സപ്ലൈസ്, സഹകരണം, ജലവിഭവം, പൊതുമരാമത്ത്, പൊതു വിദ്യാഭ്യാസം, ആരോഗ്യം, കുടുംബക്ഷേമം, പട്ടികജാതി പട്ടിക വര്‍ഗ വികസനം എന്നീ വകുപ്പുകളിലാണ് കൂടുതല്‍ നിവേദനങ്ങള്‍ ലഭിച്ചത്. തദ്ദേശ സ്വയം ഭരണ വകുപ്പില്‍ ലൈഫ് പദ്ധതി ഉള്‍പ്പെടെ 4488, റവന്യു വകുപ്പില്‍ 4139 , കളക്ടറേറ്റില്‍ 580, ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പില്‍ 496, പൊതു വിദ്യാഭ്യാസ വകുപ്പില്‍ 359, പൊതുമരാമത്ത് വകുപ്പില്‍ 331, തൊഴില്‍ വകുപ്പില്‍ 305, പട്ടികജാതി പട്ടിക വര്‍ഗവികസന വകുപ്പില്‍ 303, സഹകരണ വകുപ്പില്‍ 302, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് 257 എന്നിങ്ങനെയാണ് നിവേദനങ്ങള്‍ പരിഗണനയ്ക്കു വന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കണ്ണൂര്‍ ജില്ലയില്‍ 11 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി ആകെ 28801 നിവേദനങ്ങളാണ് ലഭിച്ചത്.. ഏറ്റവുമധികം നിവേദനങ്ങള്‍ എല്‍എസ്ജിഡിയുമായി ബന്ധപ്പെട്ടാണ് വന്നത്. ലഭിച്ച 8663 നിവേദനങ്ങളില്‍ 4614 എണ്ണത്തില്‍ നടപടി ആരംഭിച്ചു. രണ്ടെണ്ണം തീര്‍പ്പാക്കി. റവന്യു-5836, സഹകരണം-2118, പൊതുവിദ്യാഭ്യാസം-1274, ഭക്ഷ്യ സിവില്‍സപ്ലൈസ്-1265, തൊഴില്‍ വകുപ്പ്-1231, പൊതുമരാമത്ത്-722, ആരോഗ്യ-കുടുംബക്ഷേമം-719, സാമൂഹ്യനീതി-596, ജലവിഭവം-458 എന്നിങ്ങനെയാണ് വ്യത്യസ്ത വകുപ്പുകളില്‍ ലഭിച്ച നിവേദനങ്ങള്‍. ഇതില്‍ ഇതുവരെ 312 എണ്ണം തീര്‍പ്പാക്കി. 12510 ല്‍ നടപടി ആരംഭിച്ചു.
വ്യക്തികളേയും സമൂഹത്തെയാകെയും ബാധിക്കുന്ന പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നവകേരള സദസ്സിനു ഇതിനകം സാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഭിക്കുന്ന നിവേദനങ്ങളില്‍ പൊതു ആവശ്യങ്ങളും വ്യക്തിഗത ആവശ്യങ്ങളും സങ്കടങ്ങളും സര്‍ക്കാരിന്റെ പരിധിയില്‍ വരാത്ത കാര്യങ്ങളും ഉണ്ട്. വ്യവസ്ഥാപിത രീതിയില്‍ അപേക്ഷ സമര്‍പ്പിച്ച് നിശ്ചിത യോഗ്യത തെളിയിച്ച് ലഭ്യമാക്കേണ്ട ആനുകൂല്യങ്ങള്‍ക്കും നിവേദനം സമര്‍പ്പിച്ചവര്‍ ഉണ്ട്.
ചില പരാതികള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിയില്ല എന്നറിഞ്ഞു കൊണ്ട് തന്നെ സ്വന്തം സങ്കടങ്ങളും പരിഭവങ്ങളും സമര്‍പ്പിക്കാന്‍ തയ്യാറാവുന്നവരുമുണ്ട്. ജനങ്ങള്‍ സര്‍ക്കാരില്‍ വിശ്വാസം അര്‍പ്പിക്കുന്നത് കൊണ്ടാണ് കൂടുതല്‍ പേര്‍ ഇങ്ങനെ മുന്നോട്ടു വരുന്നത്.
നിവേദനങ്ങളുടെ എണ്ണം കൂടുന്നത് ശരിയായ അവസ്ഥയാണോ എന്ന ചോദ്യം ചില കേന്ദ്രങ്ങളില്‍ ഉയര്‍ന്നു കേട്ടു. തങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹാരം കാണാനും സര്‍ക്കാര്‍ ഉണ്ട് എന്ന വിശ്വാസമാണ്, ഏതു വിഷയവും ഇങ്ങനെ നിവേദനങ്ങളായി നല്‍കാന്‍ ജനങ്ങള്‍ക്ക് പ്രചോദനമാകുന്നത്. ആ ജനവിശ്വാസമാണ് ജനാധിപത്യത്തിന്റെ വിജയം എന്നാണ് അവര്‍ക്കുള്ള മറുപടി. ലഭിച്ച എല്ലാ നിവേദനങ്ങളിലും നടപടിയുണ്ടാകും. നടപടികള്‍ ത്വരിതപ്പെടുത്താന്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.