കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസ്സിന്റെ തൃക്കാക്കര, തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട് മണ്ഡലങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കി. ജില്ലയില്‍ രണ്ട് ഘട്ടങ്ങളിലായി സംഘടിപ്പിച്ച നവകേരള സദസ്സില്‍ 52450 നിവേദനങ്ങളാണ് ലഭിച്ചത്. നവംബര്‍ 18 നു കാസര്‍ഗോഡ് നിന്നും ആരംഭിച്ച പര്യടനം കുന്നത്തുനാട് മണ്ഡലത്തിലാണ് സമാപിച്ചത്.
ഡിസംബര്‍ ഒന്‍പതിനായിരുന്നു തൃക്കാക്കര, തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട് മണ്ഡലങ്ങളില്‍ നവകേരള സദസ്സ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്നാണ് ജനുവരി 1, 2 തീയതികളിലേക്ക് മാറ്റിയത്.
അങ്കമാലി - 3123, ആലുവ - 4238, പറവൂര്‍ - 5459, വൈപ്പിന്‍ - 4336, കളമശ്ശേരി - 4425, കൊച്ചി - 3909, എറണാകുളം - 2056, കോതമംഗലം - 3911, മൂവാറ്റുപുഴ - 3874, പെരുമ്പാവൂര്‍ - 5000, തൃക്കാക്കര-2614, പിറവം -3063, തൃപ്പൂണിത്തുറ - 3458 കുന്നത്തുനാട് -2984 എന്നിങ്ങനെയാണ് മണ്ഡലതലത്തില്‍ ലഭിച്ച നിവേദനങ്ങള്‍.
എല്ലാ മണ്ഡലങ്ങളിലും തിരക്കുമൂലമുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി പ്രത്യേകം കൗണ്ടറുകള്‍ സജ്ജീകരിച്ചിരുന്നു. മുതിര്‍ന്ന പൗരന്‍മാര്‍, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. ഓരോ മണ്ഡലത്തിലും നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂര്‍ മുന്‍പു മുതല്‍ നിവേദനങ്ങള്‍ സ്വീകരിക്കാന്‍ സൗകര്യമൊരുക്കി.
ലഭിക്കുന്ന നിവേദനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി സമയബന്ധിതമായി നടപടി സ്വീകരിക്കും. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.