തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സിന് ശനിയാഴ്ച സമാപനം.സമാപന പരിപാടികൾ വൈകിട്ട് തിരുവനന്തപുരം വട്ടിയൂർക്കാവിൽ വച്ച് നടക്കും.പ്രതിഷേധവും സംഘർഷ സാധ്യതയും കണക്കിലെടുത്ത് വൻ സുരക്ഷയാണ് തലസ്ഥാന ജില്ലയിൽ പൊലീസ് ഒരുക്കിയിട്ടുള്ളത്.
അതെസമയം നവ കേരള സദസിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ നീക്കമെന്ന് ആരോപിച്ച് കോൺഗ്രസ് ശനിയാഴ്ച ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തും.മാത്രമല്ല നവകേരള സദസ്സിനെതിരെ യുവമോർച്ചയുടെ സെക്രട്ടറിയേറ്റ് മാർച്ചും നടക്കും.
മന്ത്രിസഭ ഒന്നാകെ ജനങ്ങളിലേക്ക് എന്ന പ്രഖ്യാപനത്തോടെയാണ് സംസ്ഥാന സർക്കാർ നവകേരള സദസ്സ് സംഘടിപ്പിച്ചത്.ഇതുവഴി പരാതി പരിഹാര സംവിധാനം ഉണ്ടാകുമെന്നും പ്രഖ്യാപിച്ചിരുന്നു.
എന്നാൽ 140 മണ്ഡലങ്ങളിലേയും പര്യടനം രാഷ്ട്രീയ ലക്ഷ്യത്തോടെ എന്ന് ആരോപിച്ച് പ്രതിപക്ഷം ബഹിഷ്കരണം പ്രഖ്യാപിച്ചതിനു പിന്നാലെ വിവാദങ്ങൾക്കും തുടക്കമായി. മന്ത്രിമാർക്ക് സഞ്ചരിക്കാൻ ആഡംബര ബസ് എന്ന റിപ്പോർട്ട് കൂടി പുറത്തുവന്നതോടെ വിവാദം റോക്കറ്റ് പോലെ കുതിച്ചു.
മാത്രമല്ല മന്ത്രിമാർ പരാതി നേരിട്ടു കേൾക്കുന്നില്ലെന്നും പരിഹാരം കാണുന്നില്ല എന്നും ആരോപിച്ച് പ്രതിപക്ഷം രംഗത്തുവന്നു. മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ എസ്.എഫ്.ഐ പോലുള്ള ഭരണപക്ഷ യുവജന സംഘടനകൾ വന്നതോടെ നവ കേരള സദസ്സ് പിന്നീട് സംഘർഷാവസ്ഥയിലേയ്ക്കും വിവാദങ്ങളിലേയ്ക്കും വഴിമാറി.
പ്രതിഷേധക്കാർക്കെതിരായ നിരന്തരമായ ആക്രമണത്തെ മുഖ്യമന്ത്രി രക്ഷാപ്രവർത്തനം എന്ന് പറഞ്ഞ് ന്യായീകരിച്ചതോടെ വിവാദം ശക്തമായി.അതെസമയം വിവാദങ്ങളും സംഘർഷവും നിറഞ്ഞ നവ കേരള സദസ്സ് സമാപിക്കുമ്പോൾ പ്രഖ്യാപിത ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ സർക്കാരിന് കഴിഞ്ഞോ എന്നതാണ് ഉയർന്നുവരുന്ന ചോദ്യം. ലഭിച്ച പരാതികളിൽ എത്രയെണ്ണം പരിഹരിച്ചെന്നതാണ് മറ്റൊരു പ്രധാന ചോദ്യം.
എന്തായാലും നവകേരള സദസ്സ് സമാപിച്ചാലും വിവാദങ്ങൾ ഉടൻ അവസാനിക്കില്ലെന്നതാണ് സത്യം.അതെസമയം നവ കേരള സദസ്സിന്റെ സമാപന ദിവസമായ ശനിയാഴ്ച തലസ്ഥാന ജില്ലയിലെ 5 മണ്ഡലങ്ങളിലാണ് മന്ത്രിസഭയുടെ പര്യടനം നടക്കുക.