കെ.പി.രാജീവന്‍
ന്യൂഡല്‍ഹി: ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കമുള്ള എട്ട് മുന്‍ നാവികസേന ഉദ്യോഗസ്ഥരെയും ഖത്തര്‍ വിട്ടയച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഖത്തറിലെത്തി അമീര്‍ തമീം ബിന്‍ ഹമദ് അല്‍ത്താനിയുമായി കൂടിക്കാഴ്ച്ച നടത്തും. അബുദാബിയിലെ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി അതിന് ശേഷമായിരിക്കും ഖത്തറിലെത്തുകയെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു. ഖത്തറിലെ അല്‍ ദഹ്‌റ കമ്പനിയില്‍ ഉദ്യോഗസ്ഥരായിരുന്നു ഇന്ത്യക്കാരായ എട്ട് മുന്‍ നാവിക ഉദ്യോഗസ്ഥര്‍ ജോലി ചെയ്തിരുന്നത്.
ചാരപ്രവര്‍ത്തനം ആരോപിച്ച് വധശിക്ഷ വിധിച്ച് ജയിലില്‍ കഴിയുകയായിരുന്ന എട്ടു പേരുടെയും വധശിക്ഷ നേരത്തെ ഖത്തര്‍ ഭരണകൂടം റദ്ദാക്കിയിരുന്നു. എട്ട് പേരെയും പൂര്‍ണ്ണമായും ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നയതന്ത്ര ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുകയായായിരുന്നു. ഖത്തര്‍ അമീറിന്റെ തീരുമാനമനുസരിച്ച് എട്ട് മുന്‍ നാവികരെയും വിട്ടയച്ച നടപടി ഇന്ത്യയുടെ വലിയ നയതന്ത്ര വിജയം കൂടിയായി മാറി.
നിര്‍ണ്ണായകമായത് ദുബായ് കാലാവസ്ഥ ഉച്ചകോടിയിലെ ചര്‍ച്ച
2023 ഡിസംബര്‍ ഒന്നിന് ദുബായ് നടന്ന കാലാവസ്ഥ ഉച്ചകോടിയിലെ (കോപ് - 28 ഉച്ചകോടി) നരേന്ദ്ര മോദി - ഖത്തര്‍ അമീര്‍ ചര്‍ച്ചയാണ് മുന്‍ നാവികരുടെ മോചനത്തില്‍ നിര്‍ണ്ണായകമായി മാറിയത്. 2022 ആഗസ്റ്റില്‍ എട്ട് മുന്‍നാവികര്‍ അറസ്റ്റിലായത് മുതല്‍ ഇന്ത്യ നിരന്തരം നയതന്ത്ര ഇടപെടല്‍ നടത്തിയിരുന്നു. അതിന്റെ ആദ്യ പ്രത്യക്ഷ ഫലമായിരുന്നു വധശിക്ഷയില്‍ നിന്നുള്ള മോചനം. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുമായി കൂടിക്കാഴ്ച്ച നടത്തുകയായിരുന്നു.
ഇതോടൊപ്പം ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ തിരശ്ശീലക്ക് പിന്നിലെ തന്ത്രങ്ങളും ഇന്ത്യയുടെ നീക്കം വിജയിപ്പിക്കാന്‍ കാരണമായതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് അജിത് ഡോവല്‍ നിരവധി തവണ ഖത്തര്‍ സന്ദര്‍ശിച്ചതായാണ് അറിയുന്നത്.
അജിത് ഡോവലിന്റെ നീക്കങ്ങള്‍ മുന്‍ നാവിക ഉദ്യോഗസ്ഥരുടെ നീക്കങ്ങള്‍ അതിവേഗത്തിലാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
നാവികസേനയില്‍ സെയ്‌ലറായിരുന്ന തിരുവനന്തപുരം സ്വദേശി രാഗേഷ് ഗോപകുമാര്‍, റിട്ട. കമാന്‍ഡര്‍മാരായ പൂര്‍ണേന്ദു തിവാരി, അമൃത് നാഗ്പാല്‍, സുഗുണാകര്‍ പകാല, സഞ്ജീവ് ഗുപ്ത, റിട്ട. ക്യാപ്റ്റന്‍മാരായ നവ്‌തേജ് സിംഗ് ഗില്‍, ബീരേന്ദ്രകുമാര്‍ വര്‍മ്മ, സൗരഭ് വസിഷ്ഠ് എന്നിവരെയാണ് 12 ന് മോചിപ്പിച്ചത്. ഖത്തര്‍ അമീറിന്റെ ഇടപെടല്‍ മൂലം മുന്‍ നാവിക ഉദ്യോഗസ്ഥരെ വിട്ടയച്ച വിവരം ഇന്നലെ രാവിലെയാണ് വിദേശകര്യമന്ത്രാലയം അറിയിച്ചത്. എട്ട് നാവികരെ മോചിപ്പിച്ച നടപടിയെ സ്വാഗതം ചെയ്യുന്നതായും ഖത്തര്‍ അമീറിന്റെ നടപടിയെ ശ്ലാഘിക്കുന്നതായും മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
മോചനം നടന്നത് പ്രധാനമന്ത്രിയുടെ ഇടപെടല്‍ കൊണ്ട് മാത്രമെന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചും ഭാരത് മാതാ കീ ജയ് വിളികളുമായാണ് മോചിതരായ എട്ട് പേരില്‍ ഏഴ് പേരും ഇന്നലെ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയത്.' പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഒന്ന് കൊണ്ട് മാത്രമാണ് ഞങ്ങളുടെ മോചനം സാദ്ധ്യമായത് - ഡല്‍ഹിയില്‍ എത്തിയ സംഘത്തിലെ റിട്ട. ക്യാപ്റ്റന്‍ നവ്‌തേജ് സിംഗ് ഗില്‍ പറഞ്ഞു. പ്രധാനമന്ത്രിക്ക് ഖത്തറുമായുള്ള അടുത്ത ബന്ധമാണ് ഞങ്ങള്‍ക്ക് ഇന്ന് ഇവിടെ നില്‍ക്കാന്‍ കഴിഞ്ഞത്. കേന്ദ്രസര്‍ക്കാരിന്റെ നിരന്തരമായ ഇപെടലിന് പ്രധാനമന്ത്രിയോടുള്ള നന്ദി അറിയിക്കുന്നു. അദ്ദേഹം പറഞ്ഞു. മരണത്തെ നേരില്‍ കണ്ട ദിനങ്ങളില്‍ നിന്നും രക്ഷപ്പെട്ട് സ്വന്തം നാട്ടിലെത്തിയതിന്റെ സന്തോഷവും ആശ്വാസവും പ്രകടിപ്പിച്ച് കൊണ്ട് നാവികര്‍ പറഞ്ഞു.
ജയിലില്‍ കിടന്നത് 18 മാസം
ഖത്തര്‍ സെക്യൂരിറ്റി ഏജന്‍സി നാവികരെ അറസ്റ്റ് ചെയ്തത് 2022 ആഗസ്റ്റ് 30 നായിരുന്നു.
എട്ട് പേര്‍ക്കെതിരെ 2023 മാര്‍ച്ച് 25 ന് രാജ്യദ്രോഹക്കുറ്റം ചുമത്തി.
2023 മാര്‍ച്ച് 29 ന് വിചാരണ തുടങ്ങി
ഖത്തര്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ഒക്ടോബര്‍ 29 ന് 8 പേര്‍ക്കും വധശിക്ഷ വിധിച്ചു.
എട്ട് മുന്‍നാവികരും നവംബര്‍ 9ന് അപ്പീല്‍ നല്‍കി
എട്ട് പേര്‍ക്കും ഡിസംബര്‍ 28 ന് മേല്‍ക്കോടതി വധശിക്ഷയില്‍ ഇളവ് നല്‍കി
എട്ട് പേരെയും 2024 ഫെബ്രുവരി 12 ന് ഖത്തര്‍ അമീറിന്റെ തീരുമാനപ്രകാരം മോചിപ്പിച്ചു.