ന്യൂഡല്‍ഹി: അയോദ്ധ്യയിലെ ശ്രീരാമ പ്രതിഷ്ഠ ചടങ്ങിന്റെ ഭാഗമായി 11 ദിവസം നീണ്ട് നില്‍ക്കുന്ന വ്രതത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കനത്ത ത്യാഗത്തിന്റെയും നേര്‍ച്ചകളുടെയും നാളുകളാണ് ഈ 11 ദിവസങ്ങള്‍. ഏറെ വികാരഭരിതനായി എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ച തന്റെ സന്ദേശത്തിലൂടെ പ്രധാനമന്ത്രി പറഞ്ഞു.
താന്‍ ഇത്രമാത്രം വികാരഭരിതനായ ഒരു സന്ദര്‍ഭം ജീവിതത്തിലുണ്ടായിട്ടില്ല. ജനുവരി 22 ന് ശ്രീരാമജന്മഭുമിയില്‍ നടക്കുന്ന ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് തന്നെ എന്റെ ഭാഗ്യമാണ്. ചരിത്രപരമായ ഈ ഒരു നിമിഷത്തില്‍ എല്ലാ ഇന്ത്യക്കാരുടെയും പ്രതിനിധിയായി പങ്കെടുക്കാന്‍ ദൈവമാണ് എന്നെ തിരഞ്ഞെടുത്തത്. ജീവിതത്തിലെ ചില നിമിഷങ്ങള്‍ യാഥാര്‍ത്യമായി മാറുന്നത് ദൈവികാനുഗ്രഹം കൊണ്ടാണ്. നമുക്കെല്ലാവര്‍ക്കും ലോകമെമ്പാടുമുള്ള രാമഭക്തര്‍ക്കും ഇത് വളരെ പുണ്യമുള്ള അവസരമാണ്. എല്ലായിടത്തും ശ്രീരാമനോടുള്ള ഭക്തിയുടെ അത്ഭുതകരമായ അന്തരീക്ഷമുണ്ട്. അദ്ദേഹം പറഞ്ഞു.
ഈ മംഗളകര്‍മ്മത്തിന്റെ ഭാഗമാകുന്ന സമയത്ത് സ്വന്തം വികാരവിചാരങ്ങള്‍ പ്രകടിപ്പിക്കുന്നത് പ്രയാസമാണ്. ജീവിതത്തില്‍ ആദ്യമായാണ് ഞാന്‍ ഇത്തരം വികാരങ്ങള്‍ അനുഭവിക്കുന്നത്. എന്നാലും അതിനായി ശ്രമിക്കുകയാണ്. ഈ സമയത്ത് ഞാന്‍ ജനങ്ങളുടെ അനുഗ്രഹം തേടുകയാണ്.