കൊച്ചി: ആവേശത്തിരമാല തീര്‍ത്ത് കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. തുറന്ന വാഹനത്തിലാണ് മോദി ജനങ്ങളെ അഭിവാദ്യം ചെയ്തത്. വാഹനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും പ്രധാനമന്ത്രിയെ അനുഗമിച്ചു.
പൂക്കളെറിഞ്ഞും മുദ്രാവാക്യം വിളിച്ചും ആവേശത്തോടെയാണ് റോഡിന്റെ ഇരുവശങ്ങളിലും നിന്ന ജനക്കൂട്ടം പ്രധാനമന്ത്രിയെ വരവേറ്റത്. മഹാരാജാസ് കോളജ് ഗ്രൗണ്ട് മുതല്‍ ഗവ.ഗസ്റ്റ് ഹൗസ് വരെയായിരുന്നു 1.3 കിലോമീറ്റര്‍ നീണ്ടു നിന്ന റോഡ് ഷോ. പ്രധാനമന്ത്രിയെ ആളുകള്‍ മണിക്കൂറുകളോളം കാത്തുനിന്നത്.
രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ എത്തിയത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നു സ്വീകരിച്ചു.
7.14ന് കൊച്ചി വ്യോമസേന വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രധാനമന്ത്രിയെ വ്യവസായ മന്ത്രി പി.രാജീവിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ചീഫ് കമാന്‍ഡിങ് ഫ്‌ലാഗ് ഓഫിസര്‍ വൈസ് അഡ്മിറല്‍ വി.ശ്രീനിവാസ്, കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എ.അക്ബര്‍, അഡീഷനല്‍ സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ എം.എസ്.ഹരികൃഷ്ണന്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍, സംഘടനാ പ്രതിനിധികള്‍ എന്നിവരും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തി.
ഹെലികോപ്റ്ററില്‍ മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ എത്തിയ മോദി, 7.30ഓടെ റോഡ് ഷോയ്ക്ക് തുടക്കം കുറിച്ചു. 1.3 കിലോമീറ്റര്‍ താണ്ടി ഗവ.ഗസ്റ്റ് ഹൗസിലാണ് റോഡ് ഷോ അവസാനിച്ചത്. വൈകിട്ട് ആറിന് റോഡ് ഷോ തുടങ്ങുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും പ്രധാനമന്ത്രി എത്താന്‍ വൈകിയതിനാല്‍ 7.30ലേക്ക് മാറ്റുകയായിരുന്നു.
പ്രധാനമന്ത്രി ബുധനാഴ്ച രാവിലെ 6നു ഹെലികോപ്റ്ററില്‍ ഗുരുവായൂരിലേക്കു പോകും. 7.40 മുതല്‍ 20 മിനിറ്റ് ക്ഷേത്രത്തില്‍ ചെലവഴിക്കും. 8.45നു ക്ഷേത്രത്തിനു മുന്നിലെ കല്യാണമണ്ഡപത്തില്‍ നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കും. 9.50ന് ഹെലികോപ്റ്ററില്‍ തൃപ്രയാറിലേക്കു പുറപ്പെടും. 10.30നു ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.