തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച വയോധിക മറിയക്കുട്ടിക്കെതിരെ തെറ്റായ വാര്‍ത്ത നല്‍കിയതിന് നടപടി സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാര്‍ട്ടി പത്രം സംഘടനാപരമായ നിലപാട് സ്വീകരിക്കും. വാര്‍ത്ത നല്‍കിയത് തെറ്റാണെന്നു കാട്ടി പാര്‍ട്ടി പത്രം മാപ്പു പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
ജനാധിപത്യ ചരിത്രത്തിലെ പുതിയ കാല്‍വയ്പാണ് നവകേരള സദസ്സെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രയ്ക്ക് ഉപയോഗിക്കുന്നത് ആഡംബര ബസ്സല്ല. മറ്റ് ആക്ഷേപങ്ങള്‍ക്കു മറുപടി പറയുന്നില്ലെന്നും ബസിന്റെ ദൃശ്യം പുറത്തു വിടുന്നില്ലെന്ന ആരോപണത്തില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ മേഖലയില്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കണമെന്ന് എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി. കേരളബാങ്ക് ഭരണസമിതിയിലേക്ക് മുസ്ലിം ലീഗ് എംഎല്‍എ പി.അബ്ദുള്‍ ഹമീദിനെ നാമനിര്‍ദേശം ചെയ്തതു സംബന്ധിച്ച ചോദ്യത്തിനു മറുപടി പറയുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.
കേരള ബാങ്ക് എന്ന എല്‍ഡിഎഫിന്റെ ആശയത്തിനെതിരെ ലീഗ് എതിരായിരുന്നുവെങ്കിലും അവര്‍ക്കു നല്ല സ്വാധീനമുള്ള ജില്ലയിലെ സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നയാള്‍ എന്ന നിലയിലാണ് അദ്ദേഹത്തെ ഭരണ സമിതിയില്‍ എടുത്തത്. സിപിഎമ്മിന് ഇക്കാര്യത്തില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടികളില്‍ വിലക്കു കല്‍പിച്ച പാര്‍ട്ടികളിലെയും സംഘടനകളിലെയും അണികള്‍ വളരെ ആവേശത്തോടെ പങ്കെടുക്കുന്നുണ്ടെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. സാര്‍വദേശീയ ഐക്യദാര്‍ഢ്യം എന്ന കമ്യൂണിസ്റ്റ് കാഴ്ചപ്പാടാണ് മുന്നോട്ടു വയ്ക്കുന്നത്. സങ്കുചിതമായ രീതിയില്‍ കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.