മലപ്പുറം: മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്നോടിയായി നിര്‍ണായക പാര്‍ലമെന്ററി പാര്‍ട്ടി യോഗം ബുധനാഴ്ച പാണക്കാട്ട് നടക്കും. മലപ്പുറത്തിനും പൊന്നാനിക്കും പുറമെ തമിഴ്‌നാട് രാമനാഥപുരത്തെ സ്ഥാനാർത്ഥിയെയും ബുധനാഴ്ച പ്രഖ്യാപിച്ചേക്കും. എന്നാൽ രാജ്യസഭയുടെ കാര്യത്തിലും യുവപ്രാതിനിധ്യത്തിന്റെ കാര്യത്തിലും ലീഗിൽ അനിശ്ചിതത്വം തുടരുകയാണ്.യോഗത്തില്‍ ലോക്‌സഭാ സീറ്റിന് പകരം രണ്ടാം രാജ്യസഭാ സീറ്റെന്ന കോണ്‍ഗ്രസ് നിര്‍ദേശവും ചര്‍ച്ച ചെയ്യും.
രാവിലെ 10 മണിക്ക് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ വച്ചാണ് മുസ്ലിം ലീഗ് പാർലമെന്ററി യോഗം ചേരുന്നത്.ശേഷം സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഷിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക.മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും രാമനാഥപുരത്ത് സിറ്റിങ് എംപി നവാസ് ഖനിയും മത്സരിച്ചേക്കും.
പൊന്നാനിയിൽ അബ്ദു സമദ് സമദാനിക്കാണ് സാധ്യത കല്പിക്കുന്നതെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഇത്തവണ ലീഗിന് ലഭിക്കുന്ന രാജ്യസഭാ സീറ്റിൽ ആരെന്നതിൽ ആശയക്കുഴപ്പം തുടരുകയാണ്. പിഎംഎ സലാം, പി.കെ ഫിറോസ്, ഫൈസൽ ബാബു തുടങ്ങിയവരെയും പരിഗണിക്കുന്നുണ്ട്.
രാജ്യസഭാ സീറ്റ് ആർക്ക് നൽകണമെന്ന കാര്യത്തിലും യുവപ്രാതിനിധ്യം എന്ന ആവശ്യത്തെ പരിഗണിക്കുന്നതിലും ലീഗിൽ ഇപ്പോഴും തുടരുന്ന അനിശ്ചിതത്വം സ്ഥാനാർത്ഥി നിർണയത്തെ സങ്കീർണമാക്കും. ലോക്‌സഭയിലേക്ക് ലീഗ് മത്സരിക്കുന്ന മൂന്ന് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ പ്രഖ്യാപിക്കും.
അതെസമയം രാജ്യസഭാ സീറ്റിലേക്ക് വ്യാഴാഴ്ച പ്രഖ്യാപനം ഉണ്ടാകുമോ എന്നതിലും ലീഗിൽ ആശയക്കുഴപ്പമുണ്ട്. കോൺഗ്രസ് സീറ്റ് ഉറപ്പ് നൽകിയങ്കിലും തിരഞ്ഞെടുപ്പിന് ശേഷം പിൻവലിയുമോ എന്നതാണ് ലീഗ് നേതൃത്വത്തിന്റെ ആശങ്ക. എന്നാൽ മൂന്നാം സീറ്റിൽ നിന്നും വിട്ടുവീഴ്‌ച്ച ചെയ്തിട്ടും രാജ്യസഭാ സീറ്റിൽ തുടരുന്ന അനിശ്ചിതത്വത്തിനെതിരെ പാർട്ടിയിൽ വിമർശനം ശക്തമാണ്. രാജ്യസഭാ സീറ്റ് പ്രഖ്യാപനം നടത്താൻ ആയില്ലെങ്കിൽ അണികളുടെ വികാരം നേതൃത്വത്തിന് എതിരാകുമെന്നതും ലീഗ് നേതൃത്വത്തെ ആശങ്കയിലാക്കുന്നുണ്ട്.