പത്തനംതിട്ട: അയ്യന് വേണു ഗാനത്താല്‍ അര്‍ച്ചനയൊരുക്കി പ്രമുഖ ഫ്‌ലൂട്ട് വാദകന്‍ രാജേഷ് ചേര്‍ത്തല. അമ്പത് നാള്‍ നീണ്ട വ്രതശുദ്ധിയോടെ മല ചവിട്ടിയ രാജേഷ് ശനിയാഴ്ച രാത്രിയോടെയാണ് സന്നിധാനത്തെത്തിയത്.
ദര്‍ശന ശേഷം വലിയ നടപ്പന്തലിലെ മുഖ്യവേദിയില്‍ അകമ്പടി വാദ്യങ്ങളേതുമില്ലാതെ ഏകനായി രാജേഷ് വേണുവൂതി. ഏറെ പ്രസിദ്ധമായ ആ ദിവ്യനാമം അയ്യപ്പാ എന്ന ഗാനത്തോടെയാണ് രാജേഷ് ഓടക്കുഴല്‍ വാദനം തുടങ്ങിയത്.
സ്വാമി വേഷത്തിലായിരുന്ന രാജേഷിനെ ആദ്യമാരും തിരിച്ചറിഞ്ഞില്ല. വേണുനാദം കേട്ടതോടെ വലിയ നടപ്പന്തലില്‍ വിശ്രമത്തിലായിരുന്ന തീര്‍ത്ഥാടകര്‍ വേദിക്ക് മുന്നിലേക്ക് പതിയെ നീങ്ങി. തുടര്‍ന്ന് ആനയിറങ്ങും മാമലയില്‍ എന്ന ഗാനത്തിലേക്ക് മറ്റൊരു വേണു യാത്ര! ഒടുവില്‍ എന്‍ മനം പൊന്നമ്പലം എന്ന ഗാനത്തോടെ ഓടക്കുഴല്‍ വാദനം അവസാനിപ്പിച്ച രാജേഷ് ചേര്‍ത്തലയ്ക്ക് അയ്യപ്പ ഭക്തരുടെ നിലയ്ക്കാത്ത കരഘോഷം.