എറണാകുളം: അമിതവേഗത്തിൽ വാഹനമോടിച്ച് അപകടമുണ്ടായ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ്.ഇതിനായുള്ള നടപടികൾ ആരംഭിച്ചതായാണ് വിവരം.
സംഭവത്തിൽ വ്യക്തത വരുന്നതിനും കൂടുതൽ വിവരങ്ങൾ ബോധിപ്പിക്കുന്നതിനും നിരവധി തവണ സുരാജിന് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് അയച്ചിരുന്നു. എന്നാൽ സുരാജ് നോട്ടീസിനോട് പ്രതികരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്.
കഴിഞ്ഞ വർഷം ജൂലൈ 29-നാണ് സുരാജ് വെഞ്ഞാറമൂട് ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരൻ അപകടത്തിൽപ്പെട്ടത്. മഞ്ചേരി സ്വദേശി ശരതിനാണ് അപകടത്തിൽ പരിക്കേറ്റത്. ശരതിന്റെ വലത് കാലിന്റെ പെരുവിരലിന്റെ എല്ല് ഒടിയുകയും പരിക്കേൽക്കുകയും ചെയ്തു.അപകടത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. പാലാരിവട്ടം പോലീസാണ് എഫ്ഐആർ മോട്ടോർ വാഹനവകുപ്പിന് കൈമാറിയത്.