പത്തനംതിട്ട: വനംവകുപ്പില്‍ വകുപ്പുതല പരീക്ഷ പാസാകാതെ സ്ഥാനക്കയറ്റം ലഭിച്ച അഞ്ഞൂറിലേറെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരെ (എസ്.എഫ്.ഒ) തരംതാഴ്ത്താന്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരില്‍ നിന്ന് സ്ഥാനക്കയറ്റം ലഭിച്ചവരെയാണ് തരം താഴ്ത്തുന്നത്.
എസ്.സി, എസ്.ടി വിഭാഗക്കാര്‍ മൂന്ന് വര്‍ഷത്തിനുള്ളിലും മറ്റുള്ളവര്‍ രണ്ടു വര്‍ഷത്തിനുള്ളിലും വകുപ്പുതല പരീക്ഷ വിജയിച്ചാലേ പ്രമോഷന്‍ നല്‍കാവൂ എന്നാണ് 2010ലെ ഫോറസ്റ്റ് സബോര്‍ഡിനേറ്റ് സര്‍വീസ് റൂള്‍ ഭേദഗതിയില്‍ പറയുന്നത്. അനര്‍ഹമായി സ്ഥാനക്കയറ്റം കിട്ടിയവരെ തരംതാഴ്ത്താത്തതിനാല്‍, പരീക്ഷ വിജയിച്ച ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് പ്രൊമോഷന്‍ ലഭിക്കാത്ത സ്ഥിതിയാണ്.
തുടര്‍ന്ന് യോഗ്യത നേടിയവര്‍ അഡ്മിനിസ്‌ട്രേറ്റീവ് കോടതിയെ സമീപിക്കുകയായിരുന്നു. പരീക്ഷ പാസാകാതെ സ്ഥാനക്കയറ്റം നേടിയവരെ രണ്ട് മാസത്തിനുള്ളില്‍ തരംതാഴ്ത്തണമെന്ന് ഉത്തരവില്‍ പറയുന്നു.
പരീക്ഷ എഴുതാത്ത ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് അന്‍പത് വയസ് തികഞ്ഞാല്‍ മാത്രമേ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായി സ്ഥാനക്കയറ്റം നല്‍കാവൂ എന്നാണ് ചട്ടം. ഇതു ലംഘിച്ചാണ് സ്ഥാനക്കയറ്റം നല്‍കിയത്.
ചട്ടവിരുദ്ധമായി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറായ (എസ്.എഫ്.ഒ) വ്യക്തിക്ക് അടുത്തിടെ ഡെപ്യൂട്ടി റേഞ്ചറായി സ്ഥാനക്കയറ്റം നല്‍കിയത് വനപാലകരില്‍ അമര്‍ഷത്തിനിടയാക്കിയിരുന്നു. വടകരയിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറെ മലയാറ്റൂര്‍ ഡിവിഷനില്‍ ഡെപ്യൂട്ടി റേഞ്ചറായാണ് നിയമിച്ചത്.