കൊല്ലം: ഓയൂരിൽ തട്ടിക്കൊണ്ടുപോയ ആറു വയസുകാരിയെ ഉപേക്ഷിക്കുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ഒക്കത്തിരുത്തിയാണ് സ്ത്രീ ഓട്ടോയിൽ നിന്ന് കുട്ടിയെ ആശ്രാമം മൈതാനത്ത് എത്തിച്ചത്.കുട്ടിയെ ഉപേക്ഷിച്ചത് ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.14 നാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പൊലീസ് അന്വേഷണത്തിലാണ് നിർണായക ദൃശ്യങ്ങൾ കണ്ടെത്തിയത്.
അതെസമയം തട്ടിക്കൊണ്ടു പോയതിനു പിന്നില്‍ സാമ്പത്തിക ഇടപാടെന്നാണ് സംശയം. സംഭവത്തില്‍ പൊലീസിന്റെ ഒരു വിരല്‍ ചൂണ്ടുന്നത് കുട്ടിയുടെ പിതാവിലേക്കാണ്. കേസന്വേഷണം ഏറ്റെടുത്ത ഡിഐജി നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കുന്നത്.
കുട്ടിയുടെ പിതാവ് നഴ്സാണ്. ഇയാള്‍ നഴ്സിംഗ് അസോസിയേഷന്‍ നേതാവ് കൂടിയാണെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ നഴ്സിംഗ് റിക്രൂട്ടിംഗിന്റെ പേരില്‍ അസോസിയേഷനു വേണ്ടി പണം പിരിച്ചിരുന്നു. ഇതില്‍ പണം നഷ്ടപ്പെട്ടവരില്‍ ആരെങ്കിലുമാകാം തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നാണ് സംശയം.
ഒരു ദിവസം കൊണ്ട് പ്ലാന്‍ ചെയ്ത പദ്ധതിയല്ല ഇത്. കൃത്യമായ ട്രയല്‍ റണ്ണിനു ശേഷമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഏതൊക്കെ വഴിയില്‍ ക്യാമറകളുണ്ടെന്നും പിടിക്കപ്പെടാതിരിക്കാന്‍ എന്തൊക്കെ മാര്‍ഗമാണെന്നതുമൊക്കെ പ്രതികള്‍ കൃത്യമായ ആസൂത്രണം നടത്തിയിട്ടുണ്ട്.
ഇതുസംബന്ധിച്ച് പൊലീസിന് സൂചന ലഭിച്ചു. എന്നാല്‍ കുട്ടിയുടെ പിതാവ് സാമ്പത്തിക ഇടപാടു സംബന്ധിച്ച് യാതൊരു വിവരവും പൊലീസിനോടു പറഞ്ഞിട്ടില്ല.സംഭവം നടന്നയുടന്‍ തന്നെ കുടുംബവുമായി എന്തെങ്കിലും തരത്തിലുള്ള വിരോധമാകാം തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്നു സംശയിച്ചിരുന്നു.
നഴ്സിംഗ് റിക്രൂട്ട്മെന്റിന്റെ പേരില്‍ പണം നല്‍കിയവര്‍ കുറച്ചു നാളായി കുട്ടിയുടെ പിതാവിനോടും അസോസിയേഷനിലെ മറ്റു നേതാക്കളോടും പണം തിരികെ ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ ഇതു തിരികെ നല്‍കാന്‍ ആരും തയാറായില്ല. ഇതിന്റെ ഭാഗമായാണ് തട്ടിക്കൊണ്ടുപോകല്‍ പദ്ധതി അവര്‍ തയാറാക്കിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. കുഞ്ഞിനെ കൈക്കലാക്കി പണം തിരികെ വാങ്ങുകയായിരുന്നു ഇവരുടെ ലക്ഷ്യം.
എന്നാല്‍ തട്ടിക്കൊണ്ടു പോകല്‍ സംഭവം വലിയ വാര്‍ത്തയാവുകയും മാധ്യമങ്ങള്‍ ഇതിനു പിന്നാലെ ഉണ്ടെന്നു മനസിലാവുകയും ചെയ്തതോടെ ക്വട്ടേഷന്‍ സംഘം പേടിച്ചു. അതോടെ അവരുടെ പദ്ധതികളും പാളിപ്പോയി. ഇതിനിടെ ക്വട്ടേഷന്‍ സംഘം കുട്ടിയുടെ വീട്ടുകാരെ വിളിച്ച് പണം ആവശ്യപ്പെട്ടിരുന്നു. ഇതും വാര്‍ത്തയായി. ഈ അവസരം കുട്ടിയുടെ പിതാവും മുതലെടുത്തിട്ടുണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നു.