കള്ളപ്പണ വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിക്ക് ആശ്വാസം, ജാമ്യത്തിനെതിരായ ഇഡി അപ്പീൽ തള്ളി സുപ്രീം കോടതി

ലഹരി ഇടപാട് കള്ളപ്പണ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ ഹർജി സുപ്രീം കോടതി തള്ളി.

author-image
Greeshma Rakesh
New Update
 കള്ളപ്പണ വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിക്ക് ആശ്വാസം, ജാമ്യത്തിനെതിരായ ഇഡി അപ്പീൽ തള്ളി സുപ്രീം കോടതി

തിരുവനന്തപുരം: ലഹരി ഇടപാട് കള്ളപ്പണ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ബെംഗളൂരുവിലെ ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർ നൽകിയ ഹർജിയാണ് തള്ളിയത്.

ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്. 2021 ഒക്ടോബറിലാണ് ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇഡി സുപ്രീംകോടതിയെ സമീപിച്ചത്.നാല് വർഷമായി ബിനീഷ് ജാമ്യത്തിലാണെന്നും അതിനാൽ ആവശ്യം അംഗീകരിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. അഭിഭാഷകൻ ജിഷ്ണു എംഎൽ ബിനീഷിനായി ഹാജരായി.

അതേസമയം കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ബിനീഷ് കോടിയേരിക്കെതിരായ വിചാരണക്കോടതിയുടെ നടപടികൾ കർണാടക ഹൈക്കോടതി ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ സ്റ്റേ ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ബിനീഷിനെതിരായ ഇ ഡിയുടെ കേസ് നിലനിൽക്കില്ലെന്നതടക്കമുള്ള നിരീക്ഷണവും അന്ന് കർണാടക ഹൈക്കോടതി നടത്തിയിരുന്നു. ലഹരിക്കടത്ത് കേസിൽ പ്രതിയല്ലാത്തതിനാൽ പ്രഥമദൃഷ്ട്യാ കള്ളപ്പണം വെളുപ്പിക്കൽ കേസ് ബിനീഷിനെതിരെ നിലനിൽക്കില്ലെന്നാണ് അന്ന് കർണാടക ഹൈക്കോടതി നിരീക്ഷിച്ചത്.

ബിനീഷിനെതിരായ കേസ് സ്റ്റേ ചെയ്തതോടെ ഹൈക്കോടതി വാദം അവസാനിക്കുന്നത് വരെ ബിനീഷിന് വിചാരണക്കോടതിയിൽ ഹാജരാകുകയും വേണ്ട. നേരത്തേ ഈ കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിനീഷ് നൽകിയ വിടുതൽ ഹർജി വിചാരണക്കോടതി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് ബിനീഷ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കർണാടക ഹൈക്കോടതി ജസ്റ്റിസ് ഹേമന്താണ് അന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

 

bineesh kodiyeri Supreme Court enforcement directorate Money Laundering Case bail