ബെംഗളൂരു: നടപ്പാതയിലേക്കു പൊട്ടിവീണ വൈദ്യുതക്കമ്പിയില്‍ നിന്ന് ഷോക്കേറ്റ് അമ്മയും 9 മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. ബെംഗളൂരു വൈറ്റ്ഫീല്‍ഡിനു സമീപം ഹോപ്ഫാമിലാണ് സംഭവം.
കാടുഗോഡി എകെജി കോളനിയില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശിനി സൗന്ദര്യയും (23) മകള്‍ സുവിക്ഷയുമാണ് മരിച്ചത്. ഇന്നലെ രാവിലെ 6 മണിയോടെയാണ് സംഭവം. സ്വദേശമായ തമിഴ്നാട്ടിലെ കടലൂരില്‍ പോയി മടങ്ങി വരികയായിരുന്നു ഇവര്‍.
സൗന്ദര്യയും കുഞ്ഞും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇവരുടെ ബാഗും മൊബൈല്‍ ഫോണും സമീപത്തു കണ്ട വഴിയാത്രക്കാര്‍ കാടുഗോഡി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സൗന്ദര്യയുടെ ഭര്‍ത്താവ് സന്തോഷ് കുമാര്‍ നഗരത്തിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനാണ്.
സംഭവത്തില്‍ പ്രതിഷേധമുയര്‍ന്നതോടെ ഊര്‍ജമന്ത്രി കെ.ജെ.ജോര്‍ജ് ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിട്ടു. ഗുരുതരവീഴ്ച വരുത്തിയതിന് ബെംഗളൂരുവിലെ വൈദ്യുതി വിതരണ കമ്പനിയായ ബെസ്‌കോമിന്റെ അസിസ്റ്റന്റ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, ലൈന്‍മാന്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു.
കാഡുഗോഡി പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു വരികയാണ്. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്.