ഐസോള്‍: മിസോറമില്‍ പുതിയ മന്ത്രിസഭ വെള്ളിയാഴ്ച അധികാരത്തിലേറും. മിസോറാമിന്റെ പുതിയ മുഖ്യമന്ത്രിയായി സോറം പീപ്ള്‍സ് മൂവ്‌മെന്റ് നേതാവ് ലാല്‍ദുഹോമ സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 ന് രാജ്ഭവനില്‍ വച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായുള്ള അവകാശവാദമുന്നയിച്ച് ലാല്‍ദുഹോമ ഗവര്‍ണര്‍ ഹരിബാബു കമ്പംപതിയുമായി കൂടിക്കാഴ്ച നടത്തി.
സംസ്ഥാനത്ത് 40ല്‍ 27 സീറ്റ് നേടിയാണ് സെഡ്.പി.എം അധികാരത്തിലേറുന്നത്. മ്യാന്മറില്‍നിന്നും ബംഗ്ലാദേശില്‍നിന്നും അഭയാര്‍ഥികളെത്തുന്നതും മണിപ്പൂരില്‍ കലാപത്തിനിരയായവര്‍ മിസോറമിലേക്ക് പലായനം ചെയ്യുന്നതുമായുള്ള വിഷയങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ എന്നിവരുമായി ഉടന്‍ സംസാരിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി ലാല്‍ദുഹോമ പറഞ്ഞു. 44,000ത്തോളം പേരാണ് മിസോറമിലേക്ക് അഭയാര്‍ഥികളായെത്തിയത്.