ന്യൂഡല്‍ഹി: അഗ്‌നി-5 മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പ് വികസിപ്പിച്ച, 'ദിവ്യാസ്ത്ര' ദൗത്യത്തില്‍ ഡിആര്‍ഡിഒ ശാസ്ത്രജ്ഞരുടെ സംഘത്തെ നയിച്ചത് മലയാളിയായ ഷീന റാണി. ഡിആര്‍ഡിഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞയായ ഷീന റാണി തിരുവനന്തപുരം സ്വദേശിനിയാണ്.
അഗ്‌നി മിസൈല്‍ ഗവേഷണവുമായി ബന്ധപ്പെട്ട് 1999 മുതല്‍ ഷീന പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍ ഡിആര്‍ഡിഒയുടെ ഹൈദരാബാദ് ആസ്ഥാനമായുള്ള അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലബോറട്ടറിയില്‍ ശാസ്ത്രജ്ഞയാണ്. തിരുവനന്തപുരം വിഎസ്എസ്സിയില്‍ 8 വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തിരുവനന്തപുരം കോളജ് ഒഫ് എന്‍ജിനീയറിങ്ങില്‍ നിന്ന് (സിഇടി) ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ ബിരുദമെടുത്ത ശേഷം 1998 ല്‍ പൊഖ്റാന്‍ ആണവ പരീക്ഷണത്തിന്റെ ഭാഗമായി. തുടര്‍ന്നാണ്, ഷീന ഡിആര്‍ഡിഒയില്‍ ചേര്‍ന്നത്.