വയനാട്: വയനാട്ടിലെ ആളെക്കൊല്ലി മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം വനംവകുപ്പ് ചൊവ്വാഴ്ചയും തുടരും.ആന മണ്ണുണ്ടി പ്രദേശത്ത് വനമേഖലയിൽ തുടരുന്നതായാണ് വിവരം.ആനയെ ട്രാക്ക് ചെയ്യാനുള്ള സംഘം പുലർച്ചെ വനത്തിലേക്ക് തിരിച്ചു.റേഡിയോ കോളർ സിഗ്നൽ ലഭിക്കുന്ന മുറക്ക് മയക്കുവെടി വെക്കാനുള്ള RRT – വെറ്റിനറി സംഘാംഗങ്ങൾ സ്ഥലത്തെത്തും.
കഴിഞ്ഞ ദിവസം രണ്ടു തവണ ആനയുടെ അടുത്ത് വനം വകുപ്പ് സംഘം എത്തിയിരുന്നു. ഒരുതവണ മയക്കുവെടി വച്ചെങ്കിലും ശ്രമം ഫലംകണ്ടില്ല. മുള്ള് പടർന്ന അടിക്കാടാണ് ആനയെ പിടികൂടാനുള്ള ദൗത്യത്തിന് വെല്ലുവിളിയാകുന്നത്.ആന ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ തിങ്കളാഴ്ച രാത്രി 65 ഓളം ഉദ്യോഗസ്ഥർ പ്രദേശത്ത് കോമ്പിംഗ് നടത്തിയിരുന്നു.
അതെസമയം വന്യമൃഗ ശല്യം തുടർച്ചയായ പശ്ചാത്തലത്തിൽചൊവ്വാഴ്ച വയനാട്ടിലെ ഏതാനും കർഷക സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഫാർമേഴ്സ് റിലീഫ് ഫോറം ഉൾപ്പെടെയുള്ള സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. കർഷക കോൺഗ്രസും പിന്തുണ നൽകിയിട്ടുണ്ട്.