വയനാട്: മാനന്തവാടി ജനവാസ മേഖലയിലിറങ്ങിയ കാട്ടാന ബേലൂർ മഖ്നയെ മയക്കുവെടി വയ്‌ക്കാനുള്ള ദൗത്യം ആറാംദിവസത്തിലേയ്ക്ക്. വെള്ളിയാഴ്ച കർണാടകയിലെ സംഘവും ദൗത്യത്തിനൊപ്പം ചേരും. 25 അംഗ സംഘമാണ് ദൗത്യത്തിൽ ചേരുന്നത്. ബേലൂരിൽ നിന്ന് കാട്ടാനയെ പിടികൂടിയ സംഘമാണ് കേരളാ വനംവകുപ്പിന്റെ സംഘത്തോടൊപ്പം സഹകരിക്കുന്നത്.
നിലവിൽ ആനയുടെ സഞ്ചാരവേഗതയാണ് ദൗത്യത്തിന് വെല്ലുവിളിയാകുന്നത്.റോഡിയോ കോളറിൽ നിന്ന് ലഭിക്കുന്ന സിഗ്നൽ അനുസരിച്ചായിരിക്കും വെള്ളിയാഴ്ചയും ദൗത്യം നടക്കുക. മയക്കുവെടി വയ്‌ക്കാൻ സാധിക്കുന്ന ഭൂപ്രദേശത്ത് ബേലൂർ മഖ്‌നയെ എത്തിക്കണം. ഇതാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ നേരിടുന്ന പ്രധാന വെല്ലുവിളി.
കഴിഞ്ഞ ദിവസം രാവിലെ പനവല്ലിക്കടുത്ത് മാനിവയലിലായിരുന്ന കാട്ടാന ഉച്ചയോടെ കുതിരക്കോട് വനമേഖലയിലേക്ക് മാറിയിരുന്നു. മറ്റൊരു മോഴയാന ഈ കാട്ടാനയ്‌ക്കൊപ്പം തുടരുന്നതും വനംവകുപ്പിനെ പ്രതിസന്ധിയിലാക്കി. ഇരു കാട്ടാനകളെയും വേർപെടുത്തിയ ശേഷം മാത്രമേ മയക്കുവെടി വയ്‌ക്കാനാവുകയുള്ളൂവെന്ന് വനംവകുപ്പ് അറിയിച്ചു.