മിഷൻ ബേലൂർ മഗ്ന; കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം നാലാം ദിവസത്തിലേക്ക്

നിലവിൽ, മറ്റൊരു മോഴയെ കൂട്ടുപിടിച്ചാണ് ബേലൂർ മഗ്‌നയുടെ സഞ്ചാരം.അതെസമയം കൊ​ല​യാ​ളി ആനയെ പിടികൂടാനുള്ള ദൗത്യം നീളുന്നതിൽ വയനാട്ടിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.

author-image
Greeshma Rakesh
New Update
മിഷൻ ബേലൂർ മഗ്ന; കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം നാലാം ദിവസത്തിലേക്ക്

മാനന്തവാടി: കൊലയാളി കാട്ടാന ബേലൂർ മഗ്നയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യസംഘത്തിൻറെ ശ്രമം നാലാം ദിവസവും തുടരും.കാട്ടുകൊമ്പനെ എത്രയും വേഗം പിടികൂടാനുള്ള ശ്രമത്തിലാണ് വനം വകുപ്പ് അധികൃതർ.റേഡിയോ കോളറിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച്, ഉൾക്കാട്ടിലൂടെയാണ് നിലവിൽ ആനയുടെ സഞ്ചാരം.

ട്രാക്ക് ചെയ്ത് അടുത്തെത്തുമ്പോഴേക്കും മറ്റു വന്യമൃഗങ്ങളുടെ സാന്നിധ്യം മയക്കുവെടി വയ്ക്കുന്നതിന് തിരിച്ചടിയാകുകയാണ്. നിലവിൽ, മറ്റൊരു മോഴയെ കൂട്ടുപിടിച്ചാണ് ബേലൂർ മഗ്‌നയുടെ സഞ്ചാരം.അതെസമയം കൊലയാളി ആനയെ പിടികൂടാനുള്ള ദൗത്യം നീളുന്നതിൽ വയനാട്ടിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.

 

ചൊവ്വാഴ്ച ആനയെ വയലിലേക്ക് ഇറക്കി മയക്കുവെടി വെക്കാൻ ശ്രമം നടത്തിയെങ്കിലും ഫലംകണ്ടില്ല.തോൽപ്പെട്ടി വന്യജീവി സങ്കേതത്തിലെ ജനവാസ കേന്ദ്രത്തോട് ചേർന്ന മണ്ണുണ്ടി കോളനിക്ക് സമീപമായിരുന്നു ആന നിലയുറപ്പിച്ചത്. ചൊവ്വാഴ്ച പുലർച്ച രണ്ടു കിലോ മീറ്റർ ദൂരെ തോൽപ്പെട്ടി റോഡിലെ ഇരുമ്പുപാലത്തേക്ക് നീങ്ങിയതായി സിഗ്നൽ ലഭിച്ചു. തുടർന്ന് ദൗത്യസംഘം രാവിലെ ഏഴരയോടെ ഈ പ്രദേശത്തേക്ക് നീങ്ങി നിരീക്ഷണം ആരംഭിച്ചു.

എന്നാൽ, കാട്ടാനക്കൊപ്പം മറ്റൊരു ആനകൂടി ചേർന്നതോടെ ഇരുവരും ചേമ്പുംകൊല്ലി ഭാഗത്തേക്ക് നീങ്ങി. അവിടെനിന്ന് തുരത്താൻ ശ്രമം തുടങ്ങിയതോടെ ഉച്ചക്ക് രണ്ടരയോടെ വീണ്ടും മണ്ണുണ്ടി ഭാഗത്തേക്ക് കാട്ടാന നീങ്ങി.തിരിച്ച് ഇരുമ്പുപാലത്തേക്ക് നീങ്ങിയ ആനയെ വൈകുന്നേരം ആറ് മണിയോടെ അവിടെ വയലിലേക്ക് ഇറക്കി മയക്കുവെടി വെക്കാൻ ശ്രമിക്കുന്നതിനിടെ ഉൾക്കാട്ടിൽ മറഞ്ഞു. ഇതോടെ ചൊവ്വാഴ്ച വനംവകുപ്പ് ദൗത്യം അവസാനിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് പടമല ചാലിഗദ്ധ പനച്ചിയിൽ അജീഷിനെ കാട്ടാന ചവിട്ടിക്കൊന്നത്. ഇതിനെതുടർന്ന് അപകടകാരിയായ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാൻ ഞായറാഴ്ച മുതൽ ശ്രമം നടന്നുവരികയാണെങ്കിലും വിജയിച്ചില്ല. ഉത്തരമേഖല സി.സി.എഫ് കെ.എസ്. ദീപ, വൈൽഡ് ലൈഫ് സി.സി.എഫ് മുഹമ്മദ് ഷബാബ് എന്നിവരുടെ നേതൃത്വത്തിൽ ഇരുന്നൂറോളം വനപാലകരും മറ്റുമാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്.

Mananthavady Wild Elephant elephant attack mission belur magna belur magna