മാനന്തവാടി:എട്ടാം ദിവസവും കൊലയാളി കാട്ടാന ബേലൂർ മഖ്നയെ പിടികൂടാൻ ദൗത്യസംഘം.നിലവിൽ ആന നാഗർ ഹോള വനമേഖലയിൽ നിന്ന് തിരികെ കേരള-കർണാടക അതിർത്തിയിൽ എത്തിയിട്ടുണ്ട്. ഞായറാഴ്ച രാത്രിയോടെയാണ് കാട്ടാന തിരികെ കേരള-കർണാടക അതിർത്തിയിൽ എത്തിയത്.ശനിയാഴ്ച രാത്രി ആനപ്പാറ-കാട്ടിക്കുളം-ബാവലി റോഡിൻറെ ഒരു കിലോമീറ്ററോളം ഉള്ളിലായി ആനയുടെ സിഗ്നൽ
വനംവകുപ്പിന് ലഭിച്ചിരുന്നു.
ദൗത്യസംഘം ബാവലി കാട്ടിൽ നിലയുറപ്പിച്ചെങ്കിലും ഞായറാഴ്ച പകൽ കാട്ടാന തിരികെ വന്നില്ല.അതിർത്തിയിൽ നിന്ന് രണ്ട് കിലോമീറ്റർ ഉള്ളിലേക്ക് നീങ്ങുകയായിരുന്നു. കാട്ടാന കേരളത്തിലേക്ക് തിരിച്ചെത്തുന്നത് നീരീക്ഷിക്കുകയാണ് ദൗത്യസംഘം.
കേരള വനമേഖല പരിചിതമായതിനാൽ രാത്രിയോടെ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ദൗത്യസംഘം.അതെസമയം ദുഷ്‌കരമായ ഭൂപ്രകൃതിയാണ് ദൗത്യസംഘത്തിന് വെല്ലുവിളിയുയർത്തുന്നത്. കുങ്കിയാനകളുടെ സാമീപ്യം അതിവേഗം മനസ്സിലാക്കി വേഗത്തിൽ ഉൾവലിയുന്നതും മറ്റൊരു മോഴയാനയുടെ കൂട്ടും വെല്ലുവിളി വർധിപ്പിക്കുന്നു.ഒപ്പമുള്ള മോഴയാനയെ അകറ്റിയാൽ മാത്രമെ ബേലൂർ മഖ്നയെ പിടികൂടാൻ ദൗത്യസംഘത്തിനാകൂ.
ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം റേഡിയോ കോളർ സിഗ്നലുകൾ അടിസ്ഥാനമാക്കിയാണ് തിരച്ചിൽ നടത്തുന്നത്. ഫെബ്രുവരി 11 മുതലാണ് മയക്കുവെടി ദൗത്യം ആരംഭിച്ചത്. ദിവസങ്ങൾ വൈകിയാലും കൊലയാനയെ മയക്കി കൂട്ടിലാക്കാൻ കഴിയുമെന്നാണ് ദൗത്യസംഘത്തിൻറെ പ്രതീക്ഷ.