സംസ്ഥാനത്ത് പുതിയ റോഡ്,പാലം, സൈക്കിൾ പാത; 182 കോടിക്ക് ഭരണാനുമതി, പ്രവർത്തനം വേ​ഗത്തിലാക്കുമെന്ന് മന്ത്രി റിയാസ്

28 റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി 123.14 കോടി രൂപയും നാല് പാലങ്ങൾക്കായി 14.42 കോടി രൂപയും അനുവദിച്ചതായും, പദ്ധതികളുടെ നടപടി ക്രമങ്ങൾ വേഗത്തിലാക്കി പ്രവർത്തനം പൂർത്തിയാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

author-image
Greeshma Rakesh
New Update
സംസ്ഥാനത്ത് പുതിയ റോഡ്,പാലം, സൈക്കിൾ പാത; 182 കോടിക്ക് ഭരണാനുമതി, പ്രവർത്തനം വേ​ഗത്തിലാക്കുമെന്ന് മന്ത്രി റിയാസ്

 

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ നാല് പാലങ്ങളും 28 റോഡുകളും വരുന്നു. വിവിധ ജില്ലകളിലായി പൊതുമരാമത്ത് വകുപ്പിനു കീഴിലെ വിവിധ നിർമാണ പ്രവർത്തനങ്ങൾക്കായി 182 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

28 റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി 123.14 കോടി രൂപയും നാല് പാലങ്ങൾക്കായി 14.42 കോടി രൂപയും അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി.

പദ്ധതികളുടെ നടപടി ക്രമങ്ങൾ വേഗത്തിലാക്കി പ്രവർത്തനം പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു

അതെസമയം സ്മാർട് ക്ലാസ് റൂമുകൾ ഉൾപ്പെടെ 15 കെട്ടിടങ്ങൾക്കായി 44.5 കോടി രൂപയ്ക്കുള്ള ഭരണാനുമതി നൽകിയിട്ടുണ്ട്. ബജറ്റിൽ തുക വകയിരുത്തിയിരിക്കുന്ന പദ്ധതികൾക്കാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്. ബജറ്റിൽ ഉൾപ്പെട്ടിരുന്ന 101 റോഡുകൾക്ക് നേരത്തേ ഭരണാനുമതി നൽകിയിരുന്നു. അവയുടെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്.

നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പശ്ചാത്തല വികസന പദ്ധതികൾക്കായി കഴിഞ്ഞമാസം 136.73 കോടി രൂപ അനുവദിച്ചിരുന്നതായും വാര്‍ത്താക്കുറിപ്പിലൂടെ മന്ത്രി അറിയിച്ചു.

ഇപ്പോൾ ഭരണാനുമതി നൽകിയ പ്രവൃത്തികളും വേഗത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നിർമാണം ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. സാങ്കേതിക അനുമതി നൽകി സമയബന്ധിതമായി ടെൻഡർ നടപടികളിലേക്ക് കടക്കാൻ മന്ത്രി ബന്ധപ്പെട്ട വിങ്ങുകൾക്ക് നിർദേശം നൽകി.

മാത്രമല്ല സംസ്ഥാനത്തെ പതിനൊന്ന് റെയിൽവേ മേൽപ്പാലങ്ങൾക്ക് സർക്കാർ അനുമതി നൽകി. ആറ് ജില്ലകളിലാണ് മേൽപ്പാലങ്ങൾ നിർമ്മിക്കുക. സ്ഥലം ഏറ്റെടുപ്പ് നടപടികൾക്കും നിർമാണ പ്രവർത്തനങ്ങൾക്കുമായി 77.65 കോടി രൂപയോളം ചെലവുവരും. പദ്ധതിക്കായി 49.38 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു.

34.26 കോടി രൂപകൂടി അനുവദിച്ചതോടെ പദ്ധതികളുടെ നിർവഹണ ഘട്ടത്തിലേക്ക് കടക്കാനാകൂ എന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.കണ്ണൂർ കണ്ണപുരം, ചെറുകുന്ന്‌, മുഴുപ്പുലങ്ങാട്‌ ബീച്ച്‌, മുക്കം, തൃശൂർ വേലക്കുട്ടി - ആറ്റൂർ ഗേറ്റ്‌, ഒല്ലൂർ, കോഴിക്കോട്‌ വെള്ളയിൽ, കോട്ടയം കോതനല്ലൂർ, കൊല്ലം ഇടകുളങ്ങര, പോളയത്തോട്‌, തിരുവനന്തപുരം അഴൂർ എന്നിവടങ്ങളിലാണ്‌ മേൽപ്പാലം നിർമിക്കുന്നത്.

അതെസമയം വട്ടിയൂർക്കാവ് മണ്ഡലത്തിൽ വഴയില മുതൽ കവടിയാർ ജല അതോറിറ്റി പൈപ്പ് ലൈൻ റോഡ് വരെ സൈക്കിൾ പാത നിർമ്മിക്കാൻ പൊതുമാരാമത്ത് വകുപ്പ് ഒന്നരക്കോടി രൂപയുടെ ഭരണാനുമതി നൽകി. കവടിയാർ മുതൽ അമ്പലമുക്ക് വരെയുള്ള ആദ്യഘട്ടത്തിനാണ് സർക്കാരിന്റെ ഭരണാനുമതി.

kerala cycle path bridge roads pwd pa mohammed riyas