നൂറനാട്: മറ്റപ്പള്ളിയില്‍ നിന്ന് മണ്ണെടുക്കാനുള്ള ഏകപക്ഷീയ നീക്കം അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പി പ്രസാദ്. ജനങ്ങളുടെ ആവശ്യം ന്യായമാണെന്നും സമരം വിജയിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. അതിനുള്ള എല്ലാ പിന്തുണയും ഉറപ്പു നല്‍കുന്നതായും മന്ത്രി പ്രഖ്യാപിച്ചു.
തിങ്കളാഴ്ച രാവിലെ അഞ്ചരയോടെയാണ് കരാര്‍ കമ്പനി മറ്റപ്പള്ളി മലയില്‍ നിന്നും മണ്ണെടുക്കാനുള്ള ശ്രമം വീണ്ടും ആരംഭിച്ചത്. മണ്ണെടുപ്പ് നടന്നാല്‍ വീണ്ടും സമരത്തിനിറങ്ങാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍. നവംബര്‍ 16-ന് മന്ത്രി പി പ്രസാദിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ മണ്ണെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെ മറികടന്നാണ് ഇപ്പോള്‍ നീക്കം.
2008 മുതല്‍ പ്രദേശത്ത് മണ്ണെടുക്കുന്നതിനുള്ള നീക്കം നാട്ടുകാര്‍ സമരം നടത്തി വരികയാണ്. ദേശീയ പാത നിര്‍മാണത്തിനായാണ് പാലമേല്‍ പഞ്ചായത്തിലെ മറ്റപ്പള്ളിയില്‍ കുന്നിടിച്ച് മണ്ണെടുക്കാന്‍ ആരംഭിച്ചത്. ഹൈവേ നിര്‍മ്മാണത്തിന്റെ പേരില്‍ കൂട്ടിക്കല്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനിയാണ് നിലവില്‍ മണ്ണെടുക്കുന്നത്.