തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്. സതീശൻ പറവൂരിന് പുറത്ത് ലോകം കണ്ടത് പ്രതിപക്ഷ നേതാവായ ശേഷമാണെന്ന് പരിഹസിച്ച റിയാസ് സതീശൻ താൻപ്രമാണിത്തത്തിന്റെ ആൾരൂപമാണെന്നും വിമർശിച്ചു.
അടുത്ത പ്രതിപക്ഷ നേതാവിനുള്ള സീറ്റ് ബുക്കിങ് ടവ്വൽ മാത്രമാണ് സതീശനെന്നും റിയാസ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം റിയാസിനെതിരെ സതീശൻ നടത്തിയ പരിഹാസത്തിന് മറുപടിയായാണ് റിയാസിൻ്റെ പ്രതികരണം.
കേടായ റോഡിലെ കുഴി എണ്ണട്ടെ പൊതുപരാമത്ത് മന്ത്രിയെന്നായിരുന്നു സതീശന്റെ പരിഹാസം. മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായതിന്‍റെ കുഴപ്പമാണ് റിയാസിന്.
മുഹമ്മദ് റിയാസ് മൂക്കാത്ത പഴുത്തയാളാണ്. എന്റെ പാർട്ടിയിലെ സ്വാധീനമളക്കാൻ റിയാസ് വരണ്ടെന്നും വിഡി സതീശൻ തിരുവനന്തപുരത്ത് പറഞ്ഞു. നവ കേരള സദസ്സിനോട് പ്രതിപക്ഷത്തിനല്ല, കേരളത്തിലെ ജനങ്ങൾക്കാണ് അലർജിയെന്നും മുഖ്യമന്ത്രിക്ക് മറുപടിയായി വിഡി സതീശൻ പറഞ്ഞു.
മാസപ്പടി വിവാദം വന്നപ്പോൾ നാവ് ഉപ്പിലിട്ട് വച്ചിരുന്ന ആളാണ് പൊതുപരാമത്ത് മന്ത്രി. ഇപ്പോൾ തനിക്കെതിരെ പറയാനായി ഇറങ്ങിയിരിക്കുന്നുവെന്നും വിഡി സതീശൻ വിമർശിച്ചു. മുഖ്യമന്ത്രി കൂട്ടിലിട്ട തത്തയെ പോലെയായിരുന്നു. ചട്ടമ്പികൾക്ക് കള്ള് വാങ്ങിച്ചു കൊടുത്തു ചീത്തവിളിപ്പിക്കുന്ന പ്രമാണിമാരുടെ സ്ഥിതിയാണ് മുഖ്യമന്ത്രിയ്ക്കെന്നും സതീശൻ കൂട്ടിച്ചേർത്തു.