38 നഗര റോഡുകള്‍ മാര്‍ച്ചില്‍ പൂര്‍ത്തിയാക്കി ഗതാഗത യോഗ്യമാക്കും; മുഹമ്മദ് റിയാസ് പങ്കെടുത്ത യോഗത്തില്‍ തീരുമാനം

സ്മാര്‍ട് സിറ്റി പദ്ധതിക്ക് കീഴില്‍ കേരള റോഡ് ഫണ്ട് ബോര്‍ഡിന് നിര്‍മാണ ചുമതലയുള്ള 38 നഗര റോഡുകള്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗതാഗത യോഗ്യമാക്കാന്‍ തീരുമാനം.

author-image
Priya
New Update
38 നഗര റോഡുകള്‍ മാര്‍ച്ചില്‍ പൂര്‍ത്തിയാക്കി ഗതാഗത യോഗ്യമാക്കും; മുഹമ്മദ് റിയാസ് പങ്കെടുത്ത യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: സ്മാര്‍ട് സിറ്റി പദ്ധതിക്ക് കീഴില്‍ കേരള റോഡ് ഫണ്ട് ബോര്‍ഡിന് നിര്‍മാണ ചുമതലയുള്ള 38 നഗര റോഡുകള്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗതാഗത യോഗ്യമാക്കാന്‍ തീരുമാനം.

പൊതുമരാമത്ത്- ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. 10 റോഡുകള്‍ സ്മാര്‍ട് റോഡുകളായും 28 റോഡുകള്‍ നവീകരിക്കുന്നതിനുമുള്ള ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി.

നിര്‍മാണം പൂര്‍ത്തിയാക്കാന്‍ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ആദ്യം പ്രത്യേക ഷെഡ്യൂള്‍ തയ്യാറാക്കി ഓരോ റോഡിന്റേയും ജോലി ക്രമീകരിക്കും.

റോഡ് ജോലികളുടെ വകുപ്പ് ചുമതല വകുപ്പ് സെക്രട്ടറി കെ ബിജുവിനാണ്. സെക്രട്ടറി തല യോഗം ചേര്‍ന്ന് റോഡ് പണി നടക്കുമ്പോള്‍ ഗതാഗത നിയന്ത്രണം ഉള്‍പ്പടെയുള്ളവയെല്ലാം തയ്യാറാക്കും.ട്രാഫിക് പ്ലാന്‍ തയ്യാറാക്കി ജോലി പൂര്‍ത്തിയാക്കും.

ജോലി പരിശോധിക്കാന്‍ മാസന്തോറും മന്ത്രി തലത്തില്‍ യോഗം ചേരും.കണ്‍സല്‍റ്റന്റ്, കരാറുകാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൃത്യ സമയത്ത് തന്നെ ഡ്രോയിങ് അടക്കമുള്ളവയുടെ അനുമതി നല്‍കണമെന്ന് കണ്‍സല്‍റ്റന്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.കെഎസ്ഇബി, ജല അതോറിറ്റി, ടെലികോം തുടങ്ങിയ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാന്‍ ആവശ്യമെങ്കില്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കും.

p a muhammad riyas road