ന്യൂഡല്‍ഹി: സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം കേന്ദ്രസര്‍ക്കാരുമായി നടന്ന ചര്‍ച്ചയില്‍ വിചാരിച്ചത്ര മെച്ചം ഉണ്ടായില്ലെന്ന് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രധാനപ്പെട്ട പല വിഷയങ്ങളിലും തീരുമാനമുണ്ടാകുന്നതിന് സുപ്രീം കോടതിയില്‍ നല്‍കിയ കേസ് ഒരു തടസ്സമാണെന്ന നിലപാടാണ് ചര്‍ച്ചയില്‍ പങ്കെടുത്ത കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ സ്വീകരിച്ച നിലപാട്.
കേസ് നിലനില്‍കുമ്പോള്‍ എങ്ങനെ ചര്‍ച്ച ചെയ്യുമെന്നാണ് അവരുടെ ചോദ്യം. ഇത് ഒരു വിധത്തിലും അംഗീകരിക്കാന്‍ കഴിയില്ല. എല്ലാ കാര്യവും സറണ്ടര്‍ ചെയ്ത് ചര്‍ച്ച നടത്താന്‍ കഴിയില്ല. ഈ നിലപാട് വീണ്ടും പരിശോധിക്കണമെന്ന് അവരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ചില കണക്കുകള്‍ സംബന്ധിച്ച പരിശോധന തുടരും.
ഏറ്റവും അത്യാവശ്യമായ കാര്യങ്ങള്‍ സംബന്ധിച്ച് ഒരു കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇന്ന് സെക്രട്ടറിമാര്‍ തമ്മിലുള്ള ചര്‍ച്ച നടക്കും. നയത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്. കേരളത്തിലെ പ്രശ്‌നങ്ങളോട് പോസിറ്റീവായ ഒരു സമീപനം വന്നിട്ടില്ല. അദ്ദേഹം പറഞ്ഞു.
പ്രധാനപ്പെട്ട പല കാര്യങ്ങളിലും കേരളം കോടതിയില്‍ കേസ് കൊടുത്തു എന്നത് കൊണ്ട് അത് ഒരു തടസ്സമാണ് എന്ന സമീപനം എടുത്തിരിക്കുകയാണ്.
ചര്‍ച്ചയില്‍ കേരളത്തെ പ്രതിനിധീകരിച്ച് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ എം എബ്രഹാം, ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്രകുമാര്‍ അഗര്‍വാള്‍, കേരള അഡ്വക്കറ്റ് ജനറല്‍ ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരും കേന്ദ്ര ധനകാര്യ മന്ത്രാലയത്തില്‍ നിന്ന് ധനകാര്യവകുപ്പ് സെക്രട്ടറി ആന്‍ഡ് സെക്രട്ടറി എക്‌സ്‌പെന്‍ഡിച്ചര്‍ ഡോ. ഡോ. ടിവി സോമനാഥന്‍, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എന്‍ വെങ്കിട്ട രാമന്‍, അഡീഷണല്‍ സെക്രട്ടറി സജ്ജന്‍ സിംഗ് യാദവ്, ജോയിന്റ് സെക്രട്ടറി അമിത സിംഗ് നേഗി തുടങ്ങിയവരും പങ്കെടുത്തു.