പത്തനംതിട്ട: ശബരിമലയിലെത്തുന്ന തീർഥാടകർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാൻ കെഎസ്ആർടിസിക്ക് മൈക്ക് അനൗൺസ്‌മെന്റ് സിസ്‌റ്റം ലഭ്യമാക്കണമെന്ന് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരോട് മന്ത്രി കെ.ബി.ഗണേഷ് കുമാർ.
വാടകയ്ക്ക് ആണെങ്കിലും മൈക്ക് എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്നും അല്ലാത്തപക്ഷം ഉത്തരവാദിത്തം ദേവസ്വം ബോർഡിനായിരുക്കുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.മൈക്ക് വാടകയ്ക്ക് എടുത്ത് തരണം എന്ന് പറഞ്ഞ മന്ത്രി ,നോട്ട് എണ്ണുന്ന മെഷീൻ മാത്രം മതിയോ എന്നും ചോദിച്ചു.
‘‘നിങ്ങൾ മൈക്ക് തന്നാൽ അനൗൺസ് ചെയ്യാം. അല്ലാതെ കെഎസ്ആർടിസിയുടെ ചെലവിൽ അനൗൺസ്മെന്റ് ചെയ്യില്ല. ഞാൻ ദേവസ്വം ബോർഡ് പ്രസിഡന്റിനെ വിളിക്കാം. നിങ്ങൾ മൈക്ക് വാടകയ്ക്ക് എടുത്ത് തരൂ, നോട്ട് എണ്ണുന്ന മെഷീൻ മാത്രം മതിയോ? അനൗൺസ് ചെയ്യാൻ കെഎസ്ആർടിസി ജീവനക്കാർ റെഡിയാണ്. നിങ്ങൾ വാടകയ്ക്കുപോലും മൈക്ക് കൊടുക്കില്ല എന്ന് പറഞ്ഞാൽ... സ്ഥിരമായിട്ട് വാങ്ങിക്കൊടുക്കാനല്ല പറഞ്ഞത്. തീർഥാടകർ അറിയിപ്പ് കിട്ടാതെ അലഞ്ഞോട്ടെ എന്നാണെങ്കിൽ ഉത്തരവാദിത്തം ദേവസ്വം ബോർഡിനായിരിക്കും’’ –മന്ത്രി പറഞ്ഞു.
മന്ത്രിപറയുന്നതിന് അപ്പുറമല്ലല്ലോ ബോർഡ് പറയുന്നത്. അടിയന്തരമായി മൈക്ക് വാടകയ്ക്ക് എടുത്തുകൊടുക്കണം. പൊലീസിന്റെ നിർദേശം അനുസരിച്ച് തീർഥാടകർക്ക് അറിയിപ്പ് നൽകാൻ കഴിയാതെ വന്നാൽ അത് പ്രശ്നമാകുമെന്നും മൈക്ക് അനുവദിച്ചതിന്റെ പേരിൽ ദേവസ്വം ബോർഡിൽനിന്ന് പണം അടയ്ക്കണമെന്ന് പറഞ്ഞാൽ തന്നെ വിളിച്ചാൽ മതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.എഡിജിപി ശ്രീജിത്ത്, കെ.യു.ജനീഷ് കുമാർ എംഎൽഎ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ചർച്ചയിലായിരുന്നു മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.