നാഗ്പൂർ: ഇന്ത്യാ സന്ദർശനത്തിനെത്തിയ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിന്റെ പുത്തൻ വീഡിയോയാണിപ്പോൾ ലോകശ്രദ്ധനേടുന്നത്. സോഷ്യൽ മീഡിയയിലെ വൈറൽ ചായക്കാരൻ ഡോളി ചായവാലയ്ക്കൊപ്പമുള്ള വീഡിയോയാണ് നെറ്റിസൺസിന്റെ ശ്രദ്ധപിടിച്ചുപറ്റുന്നത്.
നഗ്പൂരിലെ പഴയ വി.സി.എ സ്റ്റേഡിയത്തിന് മുന്നിലെ റോഡ് സൈഡിലെ ചായ വിൽപ്പനക്കാരനാണ് ഡോളി ചായവാല. ചായ ഉണ്ടാക്കുന്നതിലെ വ്യത്യസ്തയാണ് ഡോളിയെ വൈറലാക്കിയത്. സൂപ്പർ സ്റ്റാർ രജനികാന്തിനെ അനുകരിച്ചാണ് ഇയാളുടെ ചായ മേക്കിംഗ്.
തനതായ രീതിയിൽ ചായ വിളമ്പുക മാത്രമല്ല, ആരെയും അതിന്റെ ആരാധകരാകുന്ന തരത്തിൽ ആളുകളെ സ്വാഗതം ചെയ്യുന്നതും ഈ ഡോളിയുടെ പ്രത്യേകതയാണ്. ചായയിൽ പാൽ ഒഴിക്കുന്നതു മുതൽ ഉപഭോക്താക്കളിൽ നിന്ന് പണം വാങ്ങുന്നതും കൊടുക്കുന്നതും വരെ വ്യത്യസ്ത ശൈലിയിലാണ്. ഉന്തുവണ്ടിയിൽ ചായ വിൽക്കുന്ന ഡോളിയെ തേടിയാണ് ആഗോള കോടീശ്വരനായ സാക്ഷാൽ ബിൽ ഗേറ്റ്സ് തന്നെ എത്തിയത്.
‘ഇന്ത്യയിൽ നിങ്ങൾക്ക് എവിടെ തിരിഞ്ഞാലും ഒരു പുതുമ കാണാനാകും. ഒരു ലളിതമായ ചായ തയാറാക്കുന്നതിൽ പോലും”- എന്നു പറഞ്ഞു കൊണ്ടാണ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.ഒരു ചായ നൽകുമോ എന്ന് ബിൽഗേറ്റ്സിന്റെ ചോദ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്.കേവലം മിനിട്ടുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ ഇതിനകം 5 മില്യൺ കാഴ്ചക്കാരെയാണ് നേടിയത്.
ചായക്കൊപ്പം നിരവധി ചർച്ചകൾ നടക്കാനുണ്ടെന്നും ബിൽഗേറ്റ്സ് പറയുന്നുണ്ട്. നിരവധിപേരാണ് ഈ വിഡിയോയ്ക്ക് കമന്റുമായി എത്തിയത്. ഇതിൽ അധികം ഇന്ത്യക്കാരാണ്. ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യൻ എന്നാണ് ഡോളിയെ ചിലർ വിശേഷിപ്പിച്ചത്.മറ്റു ചിലർ വിഡിയോ കണ്ടപ്പേൾ തുടക്കത്തിൽ ഇത് എഐ ആണോന്ന് സംശയിച്ചുപോയെന്നും കുറിച്ചു.