അമൃതാനന്ദമയിയുടെ 70-ാം ജന്മദിനാഘോഷം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

അമൃതാനന്ദമയിയുടെ 70-ാം ജന്മദിനാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മാതാ അമൃതാനന്ദമയിമഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി. മൂന്നിന് അമൃത വിശ്വവിദ്യാപീഠം ക്യാമ്പസില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയിലാണ് ജന്മദിനാഘോഷ പരിപാടികള്‍ നടക്കുക.

author-image
Web Desk
New Update
അമൃതാനന്ദമയിയുടെ 70-ാം ജന്മദിനാഘോഷം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കൊല്ലം: അമൃതാനന്ദമയിയുടെ 70-ാം ജന്മദിനാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മാതാ അമൃതാനന്ദമയിമഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി. മൂന്നിന് അമൃത വിശ്വവിദ്യാപീഠം ക്യാമ്പസില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയിലാണ് ജന്മദിനാഘോഷ പരിപാടികള്‍ നടക്കുക. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് പ്രഭാഷണങ്ങള്‍, ധ്യാനം, വിശ്വശാന്തി പ്രാര്‍ത്ഥനകള്‍, അമൃത സര്‍വകലാശാലയുടെ പുതിയ ഗവേഷണ പദ്ധതികളുടെ പ്രഖ്യാപനം, ആശ്രമത്തിന്റെ പുതിയ വെബ്സൈറ്റിന്റെയും പ്രസിദ്ധീകരണങ്ങളുടെയും പ്രകാശനം എന്നിവ നടക്കും.

പിറന്നാള്‍ ദിനമായ മൂന്നിന് രാവിലെ അഞ്ചിന് മഹാഗണപതി ഹോമം, ഏഴിന് സത്സംഗം, 7.45 ന് സംഗീതസംവിധായകന്‍ രാഹുല്‍രാജും സംഘവും അവതരിപ്പിക്കുന്ന നാദാമൃതം, ഒമ്പതിന് ഗുരുപാദപൂജ എന്നിവയുണ്ടാകും. 11 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ 193 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി, തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍, കേന്ദ്രമന്ത്രി മഹേന്ദ്രനാഥ് പാണ്ഡേ, കേന്ദ്ര സഹമന്ത്രിമാരായ അശ്വിനി കുമാര്‍ ചൗബേ, വി.മുരളീധരന്‍, നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

അമേരിക്കയിലെ ബോസ്റ്റണ്‍ ഗ്ലോബല്‍ ഫോറവും മൈക്കല്‍ ഡ്യൂക്കാക്കിസ് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് 'വേള്‍ഡ് ലീഡര്‍ ഫോര്‍ പീസ് ആന്റ് സെക്യൂരിറ്റി' പുരസ്‌കാരം മാതാ അമൃതാനന്ദമയി ദേവിക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് അമൃതകീര്‍ത്തി പുരസ്‌കാര വിതരണം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ അമൃതശ്രീ പദ്ധതി വിപുലീകരണ പദ്ധതിയുടെ ഉദ്ഘാടനം, രാജ്യമെമ്പാടുമായി അമൃതശ്രീ തൊഴില്‍ നൈപുണ്യ വികസനകേന്ദ്രങ്ങളില്‍ നിന്നായി പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യബാച്ചിലെ 5000 സ്ത്രീകള്‍ക്കുള്ള ബിരുദദാന വിതരണം, 300 പേര്‍ക്ക് നല്‍കുന്ന സൗജന്യ ചികിത്സാ പദ്ധതിയുടെ ഉദ്ഘാടനം, 108 സമൂഹ വിവാഹം, നാല് ലക്ഷം പേര്‍ക്കുള്ള വസ്ത്രദാനം എന്നിവയുണ്ടാകും.

മാതാ അമൃതാനന്ദമയി മഠം എല്ലാ വര്‍ഷവും നല്‍കിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെയാണ് ഈ വര്‍ഷം 300 പേര്‍ക്കുള്ള ചികിത്സാ സഹായം നല്‍കുന്നതെന്നും വിവിധ രാജ്യങ്ങളില്‍ നിന്നെത്തിക്കുന്ന മണ്ണിനൊപ്പം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള മണ്ണും കൂട്ടിച്ചേര്‍ത്ത് അതിനുള്ളില്‍ വിത്ത് നിറച്ച് സീഡ് ബോളുകളാക്കി അതാത് രാഷ്ട്രങ്ങളിലേക്ക് കൊടുത്തുവിടുമെന്നും സ്വാമി അമൃതസ്വരൂപാനന്ദപുരി അറിയിച്ചു.

kerala Birthday Celebration mathaamruthamayi