മരട് ഫ്‌ലാറ്റ് പൊളിക്കല്‍; ഉടമയ്ക്ക് നിര്‍മാണ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവ്

സാധാരണക്കാരുടെ വീടെന്ന സ്വപ്നം തകര്‍ത്ത് അധാര്‍മിക വ്യാപാരരീതി അനുവര്‍ത്തിക്കുന്ന കെട്ടിട നിര്‍മാതാക്കളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ കാഴ്ചക്കാരെപ്പോലെ നോക്കി നില്‍ക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

author-image
Greeshma Rakesh
New Update
മരട് ഫ്‌ലാറ്റ് പൊളിക്കല്‍; ഉടമയ്ക്ക് നിര്‍മാണ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവ്

കൊച്ചി: മരടിൽ സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിച്ചുമാറ്റിയ എച്ച്ടുഒ ഫ്‌ലാറ്റിന്റെ നിര്‍മാണ കമ്പനി പാര്‍പ്പിടം നഷ്ടപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ഉപഭോക്താവ് എന്ന നിലയില്‍ വഞ്ചിക്കപ്പെട്ടതിനും മാനസിക സാമ്പത്തിക നഷ്ടം ഉണ്ടായതിനും നഷ്ടപരിഹാരമായി 23 ലക്ഷത്തി പന്ത്രണ്ടായിരം രൂപ കൂടി നല്‍കണമെന്നാണ് കോടതിയുടെ ഉത്തരവ്.

സാധാരണക്കാരുടെ വീടെന്ന സ്വപ്നം തകര്‍ത്ത് അധാര്‍മിക വ്യാപാരരീതി അനുവര്‍ത്തിക്കുന്ന കെട്ടിട നിര്‍മാതാക്കളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ കാഴ്ചക്കാരെപ്പോലെ നോക്കി നില്‍ക്കാനാകില്ലെന്ന് കോടതി പറഞ്ഞു.സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റി നിശ്ചയിച്ച 44 ലക്ഷം രൂപയ്ക്ക് പുറമെയാണ് കമ്പനി ഈ തുക കൂടി ഉപഭോക്താവിന് നല്‍കേണ്ടത്.

കമ്മീഷന്‍ പ്രസിഡന്റ് അഡ്വ.ഡി ബി ബിനു മെമ്പര്‍മാരായ അഡ്വ. വൈക്കം രാമചന്ദ്രന്‍, അഡ്വ. ടി എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇന്ത്യന്‍ നേവിയില്‍ നിന്നും വിരമിച്ച ക്യാപ്റ്റന്‍ കെ കെ നായരും ഭാര്യ ഗീതാ നായരും കൊച്ചിയിലെ ഹോളി ഫെയ്ത് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

സുപ്രീംകോടതി കോടതി ഉത്തരവിനെ തുടര്‍ന്ന് ഫ്‌ലാറ്റ് പൊളിച്ച് നീക്കിയതോടെ പരാതിക്കാരന് പാര്‍പ്പിടവും നിക്ഷേപിച്ച തുകയും നഷ്ടപ്പെട്ടു. കെട്ടിട നിര്‍മ്മാണത്തിന് ആവശ്യമായ അനുമതികളെല്ലാം ലഭിച്ചിട്ടുണ്ട് എന്ന് ബോധ്യപ്പെടുത്തിയാണ് നിര്‍മ്മാണ കമ്പനി പരാതികാരന് ഫ്‌ലാറ്റ് വില്‍പ്പന നടത്തിയത്. ഈ സാഹചര്യത്തില്‍ കമ്പനിയുടെ പ്രവര്‍ത്തികള്‍ വഞ്ചനാപരവും സേവനത്തിലെ പോരായ്മയും ആണെന്ന് കോടതി വിലയിരുത്തി.

kochi compensation maradu flat demolitation construction company