കൽപ്പറ്റ: വയനാട്ടിൽ പൊലീസ് പിടികൂടിയ മാവോയിസ്റ്റുകൾ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്ന് റിപ്പോർട്ട്.അതിനാൽ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡി നീട്ടാൻ അപേക്ഷ നൽകാനുള്ള നീക്കത്തിലാണ് പൊലീസ് നീക്കം.
പേര്യ ചപ്പാരത്തുവച്ച് പൊലീസ് കീഴ്‌പ്പെടുത്തിയ ചന്ദ്രുവിന്റെയും ഉണ്ണിമായയുടെയും പൊലീസ് കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് കസ്റ്റഡി നീട്ടാൻ അപേക്ഷ നൽകാനുള്ള നീക്കം.ഇരുവരേയും തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
കേരളാ പൊലീസിനെ കൂടാതെ തമിഴ്‌നാട്, ആന്ധ്ര ഉൾപ്പടെ വിവിധ സംസ്ഥാന പോലീസും കേന്ദ്ര ഏജൻസികളും ചോദ്യം ചെയ്തു. പശ്ചിമ ഘട്ട ഓപ്പറേഷനെ കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് പേരിയ ചപ്പാരത്ത് പൊലീസ് തണ്ടർബോൾട്ടും മാവോയിസ്റ്റുകളും ഏറ്റുമുട്ടിയത്.
സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട മൂന്നു പേരെ പിടി കൂടാൻ കഴിഞ്ഞ ദിവസങ്ങളിൽ തലപ്പുഴ വന മേഖലയിൽ പൊലീസും തണ്ടർബോൾട്ടും തെരച്ചിൽ നടത്തിയിരുന്നു.ദക്ഷിണേന്ത്യയിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങളുടെ ചുരുളഴിക്കാൻ ചോദ്യം ചെയ്യുന്നതിലൂടെ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.