ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ ബി.ജെ.പിക്കൊപ്പം ചേർന്നതിൽ പ്രതികരിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അത് സംഭവിക്കുമെന്ന് അറിയാമായിരുന്നുവെന്നും ‘ആയാ റാം-ഗയാ റാം’ പോലെ നിരവധി ആളുകൾ രാജ്യത്തുണ്ടെന്നും ഖാർഗെ പറഞ്ഞു.
''നിതീഷും ഞങ്ങളും ഒരുമിച്ചായിരുന്നു പോരാട്ടം.ഇൻഡ്യ സഖ്യത്തിനൊപ്പം നിൽക്കാൻ നിതീഷിന് ആഗ്രഹമുണ്ടായിരുന്നെങ്കിൽ ഒപ്പം നിന്നേനെ. ഞങ്ങൾക്ക് ഇത് നേരത്തെ അറിയാമായിരുന്നു, പക്ഷേ ഇൻഡ്യ സഖ്യം തകരാതിരിക്കാൻ ശ്രമിച്ചു. നമ്മൾ എന്തെങ്കിലും പറഞ്ഞാൽ അത് തെറ്റായ സന്ദേശം നൽകും. നിതീഷ് സഖ്യം വിടുന്നതിനെ കുറിച്ച് നേരത്തെ തന്നെ ലാലു പ്രസാദ് യാദവും തേജസ്വി യാദവും മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ന് അത് യാഥാർഥ്യമായി''- ഖാർഗെ പറഞ്ഞു.
കോൺഗ്രസും ആർ.ജെ.ഡിയും ഉൾപ്പെടുന്ന മഹാസഖ്യത്തിൽ നിന്നാണ് നിതീഷ് കുമാർ ബി.ജെ.പിയിലേയ്ക്ക് ചുവടുമാറ്റിയത്.മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷ് കുമാറിന്‍റെ ജെ.ഡി.യു- ബി.ജെ.പി സഖ്യ സർക്കാർ ഞായറാഴ്ച വൈകീട്ട് സത്യപ്രതിജ്ഞ ചെയ്യും. ബി.ജെ.പി എം.എൽ.എമാർ ഇതിനകം തന്നെ നിതീഷിനെ പിന്തുണക്കുന്നതായി കാണിച്ചുള്ള കത്ത് കൈമാറിയിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സീറ്റ് പങ്കുവെക്കുന്നതിനെ കുറിച്ചും ഇരുകക്ഷികളും ഇതിനകം ധാരണയിലെത്തിയിട്ടുണ്ട്.
243 അംഗങ്ങളുള്ള ബിഹാർ അസംബ്ലിയിൽ 79 എം.എൽ.എമാരുള്ള ആർ.ജെ.ഡിയാണ് ഏറ്റവും വലിയ കക്ഷി. ബി.ജെ.പി 78, ജെ.ഡി.യു 45, കോൺഗ്രസ് 19, സി.പി.ഐ (എം.എൽ) 12, ഹിന്ദുസ്ഥാനി അവാമി മോർച്ച (സെക്കുലർ) 4, സി.പി.ഐ 2, സി.പി.എം 2, എ.ഐ.എം.ഐ.എം ഒന്ന് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സീറ്റ് നില.
ഒരു സീറ്റിൽ സ്വതന്ത്രനാണ്.ഭരണത്തിന് 122 സീറ്റ് വേണം. ബി.ജെ.പിയും ജെ.ഡി.യുവും ചേർന്നാൽ സീറ്റുകളുടെ എണ്ണം 123 ആകും. ജെ.ഡി.യു പിൻമാറുന്നതോടെ മഹാഘഡ്ബന്ധൻ മുന്നണിയിലെ സീറ്റ് നീല 114 ആയി ചുരുങ്ങും.