ന്യൂഡൽഹി: ഇന്ത്യയിലെയും ചൈനയിലെയും പൗരന്മാർക്ക് വിസയില്ലാതെ പ്രവേശനം അനുവദിക്കാൻ മലേഷ്യ. ഇരു രാജ്യങ്ങളിലെ പൗരന്മാർക്കും ഡിസംബർ 1 മുതൽ 30 ദിവസം വരെ മലേഷ്യയിൽ വിസയില്ലാതെ താമസിക്കാൻ അനുവദിക്കുമെന്ന് പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പറഞ്ഞു.ഞായറാഴ്ച പീപ്പിൾസ് ജസ്റ്റിസ് പാർട്ടി സമ്മേളനത്തിലെ പ്രസംഗത്തിനിടെയാണ് അൻവർ ഇക്കാര്യം പ്രഖ്യാപിച്ചത്.
ചൈനയും ഇന്ത്യയും മലേഷ്യയുടെ നാലാമത്തെയും അഞ്ചാമത്തെയും ഏറ്റവും വലിയ ഉറവിട വിപണികളാണ്.ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള വിനോദ സഞ്ചാരികളുടെയും നിക്ഷേപകരുടെയും പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി അടുത്ത വർഷം വിസ സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പദ്ധതികൾ അൻവർ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.
സർക്കാർ കണക്കുകൾ പ്രകാരം, ഈ വർഷം ജനുവരി മുതൽ ജൂൺ വരെ 9.16 ദശലക്ഷം വിനോദസഞ്ചാരികളാണ് മലേഷ്യയിൽ എത്തിയത്. അതിൽ ചൈനയിൽ നിന്ന് 498,540 , ഇന്ത്യയിൽ നിന്ന് 283,885 എന്നിങ്ങനെയാണ് കണക്ക്. കോവിഡിന് മുമ്പ്, 2019 ലെ ഇതേ കാലയളവിൽ ചൈനയിൽ നിന്ന് 1.5 ദശലക്ഷവും ഇന്ത്യയിൽ നിന്ന് 354,486 പേരുമായിരുന്നു.
അയൽരാജ്യമായ തായ്‌ലൻഡ് അവരുടെ സുപ്രധാന ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുന്നതിനും മന്ദഗതിയിലുള്ള സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുമായി നടപ്പിലാക്കിയ നടപടികളെ തുടർന്നാണ് മലേശ്യയുടെയും നീക്കം.നിലവിൽ ചൈനീസ്, ഇന്ത്യൻ പൗരന്മാർ മലേഷ്യയിൽ പ്രവേശിക്കുന്നതിന് വിസയ്ക്ക് അപേക്ഷിക്കണം.
അതെസമയം മലേഷ്യ ഉൾപ്പെടെ ആറ് രാജ്യങ്ങളിലെ പൗരന്മാർക്ക് വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകുമെന്ന് ചൈന വെള്ളിയാഴ്ച അറിയിച്ചിരുന്നു. ഈ നീക്കം ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരും. അടുത്ത വർഷം നവംബർ 30 വരെയാണ് വിസ രഹിത പ്രവേശനത്തിന് അനുമതി.