ന്യൂഡല്‍ഹി: സംവിധായകന്‍ മേജര്‍ രവിയും കണ്ണൂര്‍ മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി സി. രഘുനാഥും ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയില്‍ നിന്ന് ഇരുവരും അംഗത്വം സ്വീകരിച്ചു. ഞായറാഴ്ച ഡല്‍ഹിയിലെ നദ്ദയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് കൂടുതല്‍ പേര്‍ സംസ്ഥാനത്ത് ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇടതു - വലതു മുന്നണികള്‍ സമാന നിലപാടാണ് സ്വീകരിക്കുന്നത്. കേരളത്തില്‍ വികസനം ഉണ്ടാവണമെങ്കില്‍ നരേന്ദ്രമോദിക്കൊപ്പം അണിചേരണമെന്ന സന്ദേശമാണ് കേരളത്തിലെ ജനങ്ങള്‍ നല്‍കുന്നത്. വലിയ പിന്തുണയാണ് സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേരളത്തിലുടനീളം ലഭിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
ആശയപരമായി എന്നും ബിജെപിയുടെ കൂടെ തന്നെയായിരുന്നുവെന്ന് സംവിധായകന്‍ മേജര്‍ രവി പ്രതികരിച്ചു. എന്നും മോദിയുടെ ആരാധകനായിരുന്നു താന്‍. കേരളത്തിലെ ജനതയ്ക്കും തന്നെ അറിയുന്നവര്‍ക്കും സ്നേഹിക്കുന്നവര്‍ക്കും വേണ്ടി തന്നാല്‍ ആവുന്ന വിധത്തില്‍ എന്നും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന് ഭാവി ഭാരതത്തെകുറിച്ചുള്ള സങ്കല്‍പ്പം തന്നെ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് കോണ്‍ഗ്രുമായുള്ള ബന്ധം ഉപേക്ഷിച്ച് ദേശീയ താല്പര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് സി. രഘുനാഥ് പ്രതികരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് സി. രഘുനാഥ് ആയിരുന്നു.