മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യമായ മരുന്നുകള്‍ ഓര്‍ഡര്‍ ചെയ്യാറില്ലെന്ന് ഓള്‍ ഫുഡ് ആന്‍ഡ് ഡ്രഗ് ലൈസന്‍സ് ഹോള്‍ഡേഴ്സ് ഫൌണ്ടേഷന്‍ സംഘടന.
മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 48 മണിക്കൂറിനിടെ 31 രോഗികള്‍ മരിച്ച സാഹചര്യത്തിലാണ് സംഘടനയുടെ ആരോപണം.
നവജാത ശിശുക്കളടക്കം മരിച്ച സംഭവം മരുന്നുകളുടെ ദൗര്‍ലഭ്യം കൊണ്ട് കൂടിയാണെന്ന് എന്‍ഡിടിവിയും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, മരുന്നുകളുടെയും ജീവനക്കാരുടെയും കുറവുണ്ടെന്ന വാര്‍ത്ത മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ നിഷേധിച്ചു.
മെഡിക്കല്‍ കോളേജുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും മരുന്നുകള്‍ വിതരണം ചെയ്യുന്ന ഹഫ്കിന്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍, ഈ വര്‍ഷം 10-12 ഓര്‍ഡറുകള്‍ മാത്രമാണ് നല്‍കിയതെന്ന് സംഘടന പറഞ്ഞു. വാര്‍ഷിക ശരാശരി 2,000 ഓര്‍ഡറുകള്‍ വരേണ്ട സ്ഥാനത്താണ് ഈ കണക്കെന്ന് ഓള്‍ ഫുഡ് ആന്‍ഡ് ഡ്രഗ് ലൈസന്‍സ് ഹോള്‍ഡേഴ്സ് ഫൌണ്ടേഷന്‍ പ്രസിഡന്റ് അഭയ് പാണ്ഡെ പറഞ്ഞു.
മെഡിക്കല്‍ കോളേജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും മരുന്നുകളുടെ ദൗര്‍ലഭ്യമുണ്ടെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.അടുത്തിടെ, മരുന്നുകള്‍ വിതരണം ചെയ്യുന്നതിനായി സംസ്ഥാനം ഒരു അതോറിറ്റി രൂപീകരിക്കുകയും 8-10 ടെന്‍ഡറുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഓര്‍ഡറുകള്‍ ഇതുവരെ അന്തിമമായിട്ടില്ല. പാണ്ഡെ പറഞ്ഞു.
'അതിനാല്‍, ആശുപത്രികള്‍ ഇപ്പോള്‍ പ്രാദേശിക വിതരണക്കാരെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ പ്രാദേശിക വിതരണക്കാര്‍ക്ക് ഈ ആശുപത്രികളില്‍ 100 കോടി രൂപയിലധികം കുടിശ്ശികയുണ്ട്. പലതവണ ആവശ്യപ്പെട്ടിട്ടും ഈ കുടിശ്ശിക തീര്‍ക്കാനായിട്ടില്ല. ഇതും മരുന്നുകളുടെ ക്ഷാമത്തിന് പിന്നിലെ കാരണങ്ങളിലൊന്നാകാം.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ ആശുപത്രിയിലെ മരണം സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും എന്നാല്‍ മരുന്ന് ക്ഷാമമില്ലെന്നുമാണ് മുഖ്യമന്ത്രി ഷിന്‍ഡെ പ്രതികരിച്ചത്.