ന്യൂഡല്‍ഹി: ജാതി സെന്‍സസ് എന്ന മുദ്രാവാക്യമുയര്‍ത്തി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയപ്പോള്‍ അത് ഏറ്റവും കൂടുതല്‍ നേട്ടമായത് മദ്ധ്യപ്രദേശിലെ ബി.ജെ.പിക്കാണ്. സംസ്ഥാനത്തെ 40 ശതമാനത്തിലധികം വരുന്ന ഒ.ബി.സി വിഭാഗത്തില്‍ ജാതി ബോധം സൃഷ്ടിക്കാന്‍ ഇത് ഇടയാക്കിയപ്പോള്‍ ബി.ജെ.പിയുടെ പ്രമുഖ നേതാക്കളുടെ മുഖമാണ് അവരിലേക്കെത്തിയത്.
തങ്ങളെ ഏതാണ്ട് 20 വര്‍ഷത്തോളം ഭരിച്ചത് തങ്ങളുടെ വിഭാഗത്തിലുള്ള ശിവരാജ് സിംഗ് ചൗഹാനാണെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് വീണ്ടും വോട്ട് തേടുന്നതെന്നും അവര്‍ മനസ്സിലാക്കിയപ്പോള്‍ അത് വലിയ തോതില്‍ വോട്ടാക്കി മാറ്റാന്‍ ബി.ജെ.പിക്ക് കഴിഞ്ഞു.
കോണ്‍ഗ്രസ് പക്ഷത്ത് എടുത്ത് പറയാന്‍ കഴിയുന്ന ഒരു പ്രമുഖ നേതാവും മദ്ധ്യപ്രദേശില്‍ ഇല്ലാതെ പോയതും കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി മാറി. കോണ്‍ഗ്രസിന്റെ ഒ.ബി.സി ചുമതലയുള്ള പ്രമുഖ നേതാവ് പാര്‍ട്ടി വിട്ട് ബി.എസ്.പിയില്‍ ചേര്‍ന്നതും പാര്‍ട്ടിക്ക് വീഴ്ച്ചയായി. 2018 പോലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കമുണ്ടായിരുന്ന അപ്രമാദിത്വം ശിവരാജ് സിംഗ് ചൗഹാന് ഇത്തവണ അനുവദിച്ചു കൊടുക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം തയ്യാറായില്ല. മൂന്ന് കേന്ദ്രമന്ത്രിമാരെയും 7 എം.പിമാരെയും പാര്‍ട്ടിയുടെ ഒരു ദേശീയ ജനറല്‍ സെക്രട്ടറിയെയുമടക്കം തിരഞ്ഞെടുപ്പ് പോരിനിറക്കി വലിയ പുതുമ സൃഷ്ടിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞു.
എസ്.പിയെ ആട്ടിയകറ്റി, ഇന്ത്യ ഇല്ലാതായി
ഇന്ത്യ മുന്നണി എന്ന സങ്കല്പം പോലും അനുവദിച്ചു കൊടുക്കാന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കമല്‍നാഥ് തയാറായില്ല. ഇത് ചോദ്യം ചെയ്യാന്‍ പോലും ദുര്‍ബലമായ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന് കഴിഞ്ഞില്ല. അഞ്ച് സീറ്റ് പോലും കൊടുക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് എസ്.പി ഏതാണ്ട് 40 മണ്ഡലങ്ങളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തിയതും വലിയ തിരിച്ചടിക്ക് കാരണമായി. പ്രതിപക്ഷത്തിന്റെ ഇന്ത്യ മുന്നണി എന്നത് കേവലം കടലാസില്‍ മാത്രം നിലനില്‍ക്കുന്നതാണെന്ന് ജനം വിലയിടുത്തിയതും ബി.ജെ.പിക്ക് വലിയ ഗുണം ചെയ്തു.