കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എംടി വാസുദേവന്‍ നായരുടെ വിമര്‍ശനം. അമിതാധികാരത്തിനെ വിമര്‍ശിച്ച എംടി, നേതൃപൂജകളില്‍ ഇഎംഎസ്സ് വിശ്വസിച്ചില്ലെന്നും ഇഎംഎസ്സാണ് യഥാര്‍ഥ കമ്യൂണിസ്റ്റെന്നും പറഞ്ഞു. എം ടി കെ എല്‍ എഫ് ഉദ്ഘാടന വേദിയിലായിരുന്നു എം ടി യുടെ വിമര്‍ശനം.
അധികാരം എന്നാല്‍ ആധിപത്യമോ, സര്‍വ്വാധിപത്യമോ ആയി മാറി. അധികാരം ജനസേവനത്തിനെന്ന സിദ്ധാന്തം കുഴിച്ചു മൂടി. വിപ്ലവം നേടിയ ജനാവലി ആള്‍ക്കൂട്ടം ആയി മാറുന്നു. ഈ ആള്‍ക്കൂട്ടത്തെ, ആരാധകരും പടയാളികളും ആക്കുന്നു. ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യം അല്ല സ്വാതന്ത്ര്യം എന്നും എം ടി ചൂണ്ടിക്കാട്ടി.
ഇ. എം എസ് അധികാരം ഉപയോഗിച്ച് ജനങ്ങളെ ഉത്തരവാദിത്വമുള്ള സമൂഹമാക്കി. അധികാരം നേടിയതോടെ കമ്യൂണിസ്റ്റ് പാര്‍ട്ടി ലക്ഷ്യം പൂര്‍ത്തിയാക്കി എന്ന് അദ്ദേഹം കരുതിയില്ല. അതാണ് ഇഎംഎസിനെ മഹാനായ നേതാവാക്കിയത്. നേതാവ് ഒരു നിമിത്തമല്ല, ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവര്‍ തിരിച്ചറിയണമെന്നും എംടി പറഞ്ഞു.