തിരുവനന്തപുരം: ആധുനിക പത്രപ്രവര്‍ത്തനത്തിന് പുതിയൊരു ശൈലി കൊണ്ടുവന്നത് എം എസ് മണിയാണെന്ന് എഴുത്തുകാരന്‍ ജോര്‍ജ്ജ് ഓണക്കൂര്‍. എം എസ് മണി അനുസ്മരണ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കലാകൗമുദി തെക്കന്‍ കേരളത്തില്‍ സാംസ്‌കാരിക പ്രഭാവം പുലര്‍ത്തുന്ന പ്രസിദ്ധികരണമായി നിലനില്‍ക്കുന്നു. എം. ഗോവിന്ദനെ പോലെ അയ്യപ്പ പണിക്കരെ പോലെയൊക്കെയുള്ള ആധുനിക സാഹിത്യക്കാരന്മാരുടെ പുതിയ ചിന്തകളുടെ മുഴക്കം കൗമുദിയിലൂടെയായിരുന്നു പുറത്തുവന്നതെന്നും ഓണക്കൂര്‍ പറഞ്ഞു.
മഹത്തായ പത്രപ്രവര്‍ത്തന പാരമ്പര്യവും ശ്രേഷ്ഠമായ സാംസ്‌കാരിക വ്യക്തിത്വവും അവകാശപ്പെടാവുന്ന ഒരു വലിയ കുടുംബത്തിലെ ഒരു അംഗമായിരുന്നു എം.എസ് മണി. എം.എസ് മണിയുടെ കാട്ടുകള്ളന്മാര്‍ എന്ന അന്വേഷണ വാര്‍ത്താ പരമ്പര രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു. രാഷ്ട്രീയക്കാരുടെ കാപട്യം പുറത്തുകൊണ്ടുവരുന്നതില്‍ എം.എസ് മണിയും എന്‍.ആര്‍.എസ് ബാബുവും എസ് ജയചന്ദ്രന്‍ നായരും ഉള്‍ക്കൊള്ളുന്ന പത്രാധിപ സമൂഹവും ഒപ്പം എല്‍.എന്‍ ബാലകൃഷ്ണന്‍ എന്ന ഫോട്ടോഗ്രാഫറും ചേര്‍ന്ന് നടത്തിയ അന്വേഷണാത്മക പത്രപ്രവര്‍ത്തനം വലിയ പങ്കുവഹിച്ചു. അക്കാലത്ത് വളരെ അപൂര്‍വ്വവും അസാധാരണവുമായ സംഭവമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരുടെ പുതിയ തലമുറ എം എസ് മണിയുടെ പത്രപ്രവര്‍ത്തനത്തില്‍ നിന്ന് ഊര്‍ജം ഉള്‍കൊള്ളണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കലാകൗമുദി സ്ഥാപക പത്രാധിപര്‍ എം എസ് മണിയുടെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. എം എസ് മണി കേരള കൗമുദിയില്‍ പ്രസിദ്ധീകരിച്ച കാട്ടുകള്ളന്മാര്‍ എന്ന പരമ്പര അന്വേഷണാത്മക പത്രപ്രവര്‍ത്തന ചരിത്രത്തിലെ നാഴിക കല്ലാണ്.
വിവരങ്ങള്‍ സമൂഹത്തിന് പകര്‍ന്ന് നല്‍കുക എന്ന മാധ്യമ ധര്‍മ്മം പാലിക്കുന്നതില്‍ ഉപരിയായി അതിന്റെ വിവിധ വശങ്ങള്‍ കൂടി വെളിപ്പെടുത്തുന്നതായിരുന്നു ആ പരമ്പര. അതിസാഹസികമായാണ് അക്കാലത്തും ഇത് പ്രസിദ്ധീകരിച്ചത്. കാട്ടുകള്ളന്മാര്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഒരു മന്ത്രിയ്ക്ക് സ്ഥാനം നഷ്ടമായി. പത്രത്തിലുമുണ്ടായി അതിന്റെ ഫലമായുള്ള പ്രതിസന്ധികളെന്നും ഗവര്‍ണര്‍ അനുസ്മരിച്ചു.
അനുസ്മരണ ചടങ്ങില്‍ കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്, മുന്‍ എംഎല്‍എ കെ എസ് ശബരീനാഥന്‍ എന്നിവര്‍ പങ്കെടുത്തു. കലാകൗമുദി മാനേജിംഗ് ഡയറക്ടര്‍ സുകുമാരന്‍ മണി സ്വാഗതവും ന്യൂഡ് എഡിറ്റര്‍ പി സി ഹരീഷ് നന്ദിയും പറഞ്ഞു.