തിരുവനന്തപുരം: വാര്‍ത്തകളിലെ സത്യസന്ധതയുടെ കാര്യത്തില്‍ എം എസ് മണി ഒരു വിട്ടുവീഴ്ചയും ചെയ്തില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയുമായ കെ വി തോമസ്. ജനങ്ങള്‍ സത്യമറിയണം, സത്യങ്ങള്‍ കേള്‍ക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല എന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചിരുന്നതെന്നും എം എസ് മണി അനുസ്മരണ ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.
1980 കളില്‍ ഡല്‍ഹിയില്‍ വച്ചാണ് എം എസ് മണിയെ പരിചയപ്പെട്ടത്. അന്ന് അദ്ദേഹം ഡല്‍ഹിയിലെ പത്ര പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. അദ്ദേഹം സൂഷ്മമായി കാര്യങ്ങല്‍ പഠിക്കുകയും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ വാര്‍ത്തകള്‍ എത്തിക്കുകയും ചെയ്തിരുന്നു.
ആധുനിക കാലത്ത് മാധ്യമ രംഗത്ത് സത്യം പറയാനുള്ള കഴിവാണ് നഷ്ടപ്പെട്ടുപോകുന്നത്. ആര് ആദ്യം പറയുന്നു എന്നതില്‍ വാര്‍ത്തകളിലെ സത്യസന്ധത കുറയുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ കാലത്ത്് മാധ്യമപ്രവര്‍ത്തനം വ്യത്യസ്തമായിരുന്നു. അന്ന് ഒരു വലിയ നിര മാധ്യമ പ്രവര്‍ത്തകര്‍ ഇന്ത്യയുടെ ശബ്ദമായി കേരളത്തില്‍ നിന്നും ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. അവര്‍ക്കൊപ്പമായിരുന്നു എം എസ് മണിയെ കണ്ടിട്ടുള്ളതെന്നും കെ വി തോമസ് പറഞ്ഞു.
അനുസ്മരണ ചടങ്ങ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരന്‍ ജോര്‍ജ് ഓണക്കൂര്‍, മുന്‍ എംഎല്‍എ കെ എസ് ശബരീനാഥന്‍ എന്നിവര്‍ പങ്കെടുത്തു. കലാകൗമുദി മാനേജിംഗ് ഡയറക്ടര്‍ സുകുമാരന്‍ മണി സ്വാഗതവും ന്യൂഡ് എഡിറ്റര്‍ പി സി ഹരീഷ് നന്ദിയും പറഞ്ഞു.